രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം വിവാദമാക്കാന്‍ ബി. ജെ. പി

കാസര്‍ക്കോട്- ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നടത്തിയ പ്രസംഗം വിവാദമാക്കാന്‍ കഠിന പരിശ്രമവുമായി ബി. ജെ. പി. നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊലപ്പെടുത്തണമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചാണ് ബി. ജെ. പി വിവാദത്തിന് ശ്രമിക്കുന്നത്. 

ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗത്തിനെതിരെ രംഗത്തുവന്നത്. മറ്റൊരു ന്യൂറംബര്‍ഗ് വിചാരണ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉണ്ണിത്താന്‍ എം പി പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ന്യൂറംബര്‍ഗ് വിചാരണ നടന്നതെന്നും  യുദ്ധക്കുറ്റവാളികളെ വിചാരണ കൂടാതെ വെടിവച്ചു കൊലപ്പെടുത്തിയെന്നും മറ്റൊരു ന്യൂറംബര്‍ഗ് വിചാരണ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രസംഗിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ലോകത്തെ ഒരു യുദ്ധക്കുറ്റവാളിയായി ബെഞ്ചമിന്‍ നെതന്യാഹു നില്‍ക്കുന്നുണ്ടെന്നും ജനീവ കണ്‍വെന്‍ഷന്‍ ലംഘിച്ച ബെഞ്ചമിന്‍ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവച്ചുകൊല്ലേണ്ട സമയമാണിതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

കാസര്‍കോട് ടൗണിലും പരിസരത്തുമുള്ള മസ്ജിദുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം 'ഭീകരവാദ പ്രചരണം' ആണെന്നും നിയമനടപടി സ്വീകരിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

Latest News