റിയാദ്- ഗ്ലോബൽ മലയാളികളുടെ അറിവുത്സവമായി മലർവാടിയും സ്റ്റുഡന്റ്‌സ് ഇന്ത്യയും സംഘടിപ്പിക്കുന്ന മീഡിയ വൺ ലിറ്റിൽ സ്‌കോളർ പ്രശ്‌നോത്തരി മത്സരത്തിന്റെ രജിസ്‌ട്രേഷൻ ഡിസംബർ 20 വരെ നീട്ടിയതായും ആദ്യഘട്ട മത്സരം ജനുവരി 12-ന് നടക്കുമെന്നും ലിറ്റിൽ സ്‌കോളർ സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഒരു പരിപാടിയായതിനാൽ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കുവാൻ ആവശ്യമായ സാവകാശം ലഭിക്കാനാണ് തീയതികളിൽ മാറ്റം വരുത്തിയതെന്ന് സൗദിതല കർമസമിതി ജനറൽ കൺവീനർ ഉമർ ഫാറൂഖ് അൽകോബർ അറിയിച്ചു.
സൗദിയിലെ മൂന്ന് പ്രവിശ്യകളിലായി 13 കേന്ദ്രങ്ങളിൽ ഒന്നാംഘട്ട മത്സരങ്ങൾ നടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സൗദി സമയം വൈകീട്ട് 4.00 മണിക്ക് തുടങ്ങി ഒന്നര മണിക്കൂർ സമയമായിരിക്കും ദൈർഘ്യം. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ഗ്രേഡ് മൂന്ന് മുതൽ ഗ്രേഡ് 12 വരെയുള്ള മലയാളി വിദ്യാർഥികൾക്കായിരിക്കും ലിറ്റിൽ സ്‌കോളർ പ്രശ്‌നോത്തരി. വൈജ്ഞാനികമായ അനുഭൂതി പകരുന്നതും ചിന്തയുടെ അകക്കണ്ണുകൾ തുറക്കുന്നതുമായ ചോദ്യങ്ങളായിരിക്കും കുട്ടികളെ കാത്തിരിക്കുന്നത്.
മാനവീയ വിഷയങ്ങൾ മാത്രമല്ല, ശാസ്ത്രവും ഗണിതവും പൊതു വിജ്ഞാനങ്ങളുമടങ്ങിയ കാലിക പ്രസക്തമായ അറിവുകൾ പങ്കു വെക്കുന്നതും അന്വേഷണത്തിന്റെ ജാലകങ്ങൾ തുറന്നു വെക്കുന്നതുമായിരിക്കും ഈ വിജ്ഞാനോത്സവം. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്ന എല്ലാ കുട്ടികൾക്കും അതാത് കേന്ദ്രങ്ങളിൽ നിന്ന് സമ്മാനവും പങ്കെടുക്കുന്ന മുഴുവൻ പേർക്കും മീഡിയ വൺ ലിറ്റിൽ സ്‌കോളർ സർട്ടിഫിക്കറ്റും നൽകുന്നതാണ്. തുടർന്ന് കൂടുതൽ മാർക്ക് വാങ്ങിക്കുന്ന ഓരോ ഗ്രൂപ്പിലെയും നിശ്ചിത എണ്ണം പേരുടെ ക്വിസ് മത്സരം അതത് പ്രവിശ്യകളിൽ നടത്തുന്നതും അവരിൽ നിന്ന് 90 ശതമാനത്തിലധികം മാർക്ക് വാങ്ങിക്കുന്ന കുട്ടികൾക്ക് സൗദി തലത്തിൽ ഓൺലൈനായി പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നതുമാണ്.
നാട്ടിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് വിജയികളെ കണ്ടെത്തുന്നത് ഈ മത്സരത്തിൽ വിജയിക്കുന്ന സീനിയർ വിഭാഗത്തിൽ നിന്നാണ്. 12 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മെഗാ ഫിനാലെയിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. അവസാനഘട്ട മത്സരങ്ങൾ മീഡിയ വൺ ചാനലിൽ സംപ്രേഷണം ചെയ്യുന്നതുമാണ്. അറിവിന്റെയും തിരിച്ചറിവിന്റെയും പുതിയ ലോകത്തേക്ക് മാർഗദർശനം നൽകുന്ന ചോദ്യങ്ങളും ചിന്തകളുമായിരിക്കും ഈ വിജ്ഞാനോത്സവം കുട്ടികൾക്ക് പകർന്നു നൽകുക. littlescholar.mediaoneonline.com എന്ന വിലാസത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.