ലോകത്തെ ഏറ്റവും സമ്പന്നരാജ്യമെന്ന കീര്‍ത്തി ഖത്തറിന് സ്വന്തമായിരുന്നു. ജനസംഖ്യ കുറവും വരുമാനം കൂടുതലുമാണ് ഖത്തറിന് ആളോഹരി വരുമാനം കൂടുതലുള്ള രാജ്യമെന്ന പദവി ലഭിക്കാന്‍ കാരണം. എന്നാല്‍ ഖത്തറിന് ക്ഷീണം സംഭവിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഖത്തറിനെ പിന്നിലാക്കി മക്കാവു മുന്നേറുന്നുവെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള മക്കാവു ദ്വീപ് ഖത്തറിന് ഒപ്പമെത്തിയിരിക്കുന്നു. അധികം വൈകാതെ ഖത്തറിനെ മറി കടക്കുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട്. ആഗോള ചൂതാട്ട കേന്ദ്രമായിട്ടാണ് ചൈനയുടെ കീഴിലുള്ള മക്കാവു അറിയപ്പെടുന്നത്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ മകന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മലയാളികള്‍ക്കും സുപരിചിതമാണ് ഈ സ്ഥലം.
നൃത്തസംഗീത ശാലകളും ചൂതാട്ട കേന്ദ്രങ്ങളും അരങ്ങുവാഴുന്ന മക്കാവുവിന്റെ വളര്‍ച്ച ദിനംപ്രതിയെന്നോണം ഉയരുന്നു. 2020ല്‍ മക്കാവു ആയിരിക്കും ലോകത്തെ സമ്പന്ന പ്രദേശം. ഇവിടുത്തെ ആളോഹരി വരുമാനം 143116 ഡോളറാകുമത്രെ. തെക്കന്‍ ചൈനയിലെ പോര്‍ച്ചുഗീസ് നിയന്ത്രണത്തിലുള്ള അധിനിവിഷ്ട പ്രദേശമായിരുന്നു മക്കാവു. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചൈനയുടെ നിയന്ത്രണത്തിലായതോടെ മക്കാവുവിന്റെ മുഖഛായ മാറി. ചൂതാട്ട കേന്ദ്രമായി മാറിയ ഈ പ്രദേശം ലോകത്തെ ഏറെ ആകര്‍ഷകമായ വിനോദ മേഖല കൂടിയാണ്. ചൈനയില്‍ ചൂതാട്ടവും നൃത്തസംഗീത ശാലകളും നിയമപരമായി അംഗീകരിക്കപ്പെട്ട ഏക പ്രദേശമാണ് മക്കാവു.