ഗാസ-അല്‍ഫഖൂറ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിനു ഇസ്രായിലിന് മറുപടി നല്‍കുമെന്ന് ഹമാസ് പറഞ്ഞു. ആയിരക്കണക്കിന് ഫലസ്തീനികള്‍ അവരുടെ വീടുകള്‍ വിട്ട് അഭയം പ്രാപിച്ച അല്‍ഫഖൂറ സ്‌കൂളിന് നേരെ നടത്തിയ അതിക്രമങ്ങള്‍ക്ക് ഇസ്രായില്‍ ഉത്തരവാദിത്തമേല്‍ക്കേണ്ടി വരുമെന്ന് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസെം നഈം പറഞ്ഞു. 'ഞങ്ങള്‍ യുദ്ധക്കുറ്റം, വംശീയ ഉന്മൂലനം, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത് -അദ്ദേഹം പറഞ്ഞു.സിവിലിയന്മാരോട് ഇസ്രായില്‍ പ്രഖ്യാപിച്ച യുദ്ധം വടക്കന്‍ ഗാസ മുനമ്പിലെ മുഴുവന്‍ ഫലസ്തീനികളേയും ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അല്‍ഫഖൂറ സ്‌കൂള്‍ ആക്രമണം തെളിയിക്കുന്നതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായിലിന്റെ തുടര്‍ച്ചയായ ബോംബാക്രമണംമൂലം തങ്ങളുടെ അഭയകേന്ദ്രങ്ങളിലേക്കും സ്‌കൂളുകളിലേക്കും വരുന്ന ആളുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഫലസ്തീനിയന്‍ അഭയാര്‍ഥി ഏജന്‍സിക്ക് കഴിയില്ലെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എ വക്താവ് എല്‍റിഫായി പറഞ്ഞു. ഇതുവരെ 70 യു.എന്‍.ആര്‍.ഡബ്ല്യു.എ കെട്ടിടങ്ങള്‍ തകര്‍ന്നതായി ജോര്‍ദാനിലെ അമ്മാനില്‍ അദ്ദേഹം പറഞ്ഞു. ഗാസയിലെ ഒരു സ്ഥലവും സുരക്ഷിതമല്ല.
തങ്ങളുടെ കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായെങ്കിലും ഗാസ വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എ വക്താവ് പറഞ്ഞു. 'ഞങ്ങള്‍ യഥാര്‍ഥത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഒരു ജീവനാഡിയാണ്, ഞങ്ങള്‍ എവിടെയും പോകുന്നില്ല, ഗാസയിലെ ജനങ്ങള്‍ക്കൊപ്പം താമസിക്കും. ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന് ശേഷം ഇതുവരെ ഗാസയിലെ 103 യു.എന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.