ആലുവ പോലീസിന്റെ ജാഗ്രത, കഠിനാധ്വാനം; 48 പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

കൊച്ചി-ആലുവയില്‍ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി. ഒരു ഡി വൈ എസ് പി, രണ്ട് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ 48 പേര്‍ക്കാണ് ജി.എസ്.ഇ നല്‍കിയത്. കൃത്യം നടന്ന് മുപ്പത്തിമൂന്നാം ദിവസം പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കുകയും, നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിശുദിനത്തിന്റെ അന്ന് പ്രതിക്ക് തൂക്കു കയര്‍ വിധിക്കുകയും ചെയ്ത കേസ് ആയിരുന്നു ഇത്.

പോലീസ് ഉദ്യോഗസ്ഥരുടെ രാപകല്‍ നീണ്ട അന്വേഷണമാണ് പ്രതിക്ക് വധശിക്ഷ ഉറപ്പുവരുത്തിയത്. കുട്ടിയെ കാണാതായ സമയം മുതല്‍ പ്രതിക്ക് തൂക്കുകയര്‍ വിധിക്കുംവരെ ആലുവ പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.
കുട്ടിയെ തട്ടിയെടുത്തെന്ന പരാതി ലഭിച്ച ജൂലായ് 28-ന് തന്നെ ആലുവ നഗരത്തില്‍ ലഭ്യമായ പരമാവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. മണിക്കൂറുകള്‍ക്കകം പ്രതിയെ തോട്ടയ്ക്കാട്ടുകരയില്‍നിന്ന് പിടികൂടാന്‍ പോലീസിന്് കഴിഞ്ഞു. സാഹചര്യത്തെളിവുകള്‍, ശാസ്ത്രീയമായ അന്വേഷണം, സൈബര്‍ ഫോറന്‍സിക് തെളിവുകള്‍, ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്, മെഡിക്കല്‍ രേഖകളുടെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും ശേഖരണം എന്നിവ പോലീസ് അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. ഉദ്യോഗസ്ഥര്‍ അവധിപോലുമെടുക്കാതെയാണ് ഈ കേസുമായി മുന്നോട്ടുപോയത്. 35 ദിവസംകൊണ്ട് 645 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞതും പോലീസിന്റെ ഈ ആത്മാര്‍പ്പണം കൊണ്ടായിരുന്നു.

 

Latest News