പുരുഷന്മാര്‍ക്കും അവകാശങ്ങളുണ്ട്, അവരുടെ ആത്മഹത്യ ഇല്ലാതാക്കണം; നാളെ പുരുഷന്മാരുടെ ദിനം

ന്യൂദൽഹി- നാളെ നവംബര്‍ 19 അന്താരാഷ്ട്ര പുരുഷ ദിനമാണ്. പുരുഷന്മാര്‍ക്കായി ഇങ്ങനെയൊരു ദിനമുണ്ടെന്ന്  പലര്‍ക്കും അറിയില്ലെന്ന് ലോകത്ത് 60 രാജ്യങ്ങളില്‍ ഈ ദിനം കാര്യമായി തന്നെ ആഘോഷിക്കുന്നുണ്ട്. സമൂഹത്തിന് പുരുഷന്മാര്‍ നല്‍കുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിനം. ഒപ്പം പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും ആരോഗ്യത്തിനും ഈ ദിനം പ്രാധാന്യം നല്‍കുന്നു.

യുനെസ്‌കോയുടെ ആഹ്വാനപ്രകാരം 1999 മുതലാണ് പുരുഷദിനം ആചരിച്ചു തുടങ്ങിയത്. ലോകത്ത് പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്‌കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1999 നവംബര്‍ 19ന് ട്രിനിഡാഡ് ആന്‍ഡ് ടൊബോഗോയിലാണ് യുനെസ്‌കോ ആദ്യമായി ഈ ദിനം ആചരിച്ചത്.
2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലെത്തിച്ചത്.

ലോകം, സമൂഹം, കുടുംബം, വിവാഹം, ശിശു സംരക്ഷണം, പരിസ്ഥിതി എന്നിവയ്ക്ക് പുരുഷന്‍ നല്‍കുന്ന സംഭാവനകള്‍ അംഗീകരിക്കുക എന്നതാണ് ലക്ഷ്യം. ഇതിനുപുറമെ ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കലും ഈ ദിനത്തിന്റെ ലക്ഷ്യമാണ്. എല്ലാ വര്‍ഷവും ഈ ദിവസം ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പുരുഷന്മാരുടെ ആത്മഹത്യ ഇല്ലാതാക്കുക എന്നതാണ് അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ വിഷയം. പുരുഷന്മാരെയും ആണ്‍കുട്ടികളെയും സഹായിക്കുക കഴിഞ്ഞ വര്‍ഷത്തെ വിഷയം. ആഗോളതലത്തില്‍ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും മാനസികവും ശാരീരികവുമായ ഉന്നമനത്തിനും വിഷാദവും മറ്റു മാനസിക പ്രശ്‌നങ്ങളും തരണം ചെയ്യുവാനും ആഹ്വാനം ചെയ്യുന്നതിലാണ് ഈ വര്‍ഷത്തെ ദിനാചരണം കേന്ദ്രീകരിക്കുക.

 

Latest News