ജറൂസലമിലേക്കുള്ള ലോംഗ് മാര്‍ച്ചിന് പിന്തുണയേറി, നെതന്യാഹുവിനെതിരെ രോഷാഗ്നി

ടെല്‍അവീവ്- നെതന്യാഹു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെല്‍അവീവില്‍നിന്ന് പുറപ്പെട്ട മാര്‍ച്ചില്‍ കൂടുതല്‍ പേര്‍ അണിചേരുന്നു. ഒക്ടൊബാര്‍ ഏഴിനു നടന്ന മിന്നല്‍ ആക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന് നെതന്യാഹു സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ 14 ന് അഞ്ച് ദിവസം നീളുന്ന ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. ബന്ദികളുടെ കുടുംബങ്ങള്‍ നേതൃത്വം നല്‍കുന്ന മാര്‍ച്ചില്‍ അവരുടെ ധാരാളം സുഹൃത്തുക്കളും അണിചേരുകയാണ്.
നെതന്യാഹുവിനെ ചോദ്യം ചെയ്തുകൊണ്ടാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ സങ്കടം പങ്കുവെക്കുന്നത്.
മാര്‍ച്ച് ജറൂസലമില്‍ നെതന്യാഹുവിന്റെ ഓഫീസ് വളയുന്നതോടെ നേതാക്കളും ജനപ്രതിനിധികളും കണ്ണു തുറക്കുമെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചെത്തിക്കുമെന്നുമാണ് മാര്‍ച്ചില്‍ അണിചേര്‍ന്നവര്‍ പ്രതീക്ഷിക്കുന്നത്.
ഓരോ ദിവസം കഴിയുംതോറും ഹോസ്‌റ്റേജസ് ആന്റ് മിസ്സിംഗ് ഫാമിലീസ് ഫോറം ആരംഭിച്ച മാര്‍ച്ചിന് ജനപിന്തുണ ഏറുകയാണ്. ഇതുവരെ ലക്ഷ്യം പൂര്‍ത്തിയായില്ലെങ്കിലും എന്തെങ്കിലും സംഭവിക്കുക തന്നെ ചെയ്യുമെന്ന് മാര്‍ച്ചില്‍ പങ്കെടുക്കുന്ന യുവല്‍ ഹാരന്‍ പറഞ്ഞു. റോഡരികില്‍ വലിയ ഇസ്രായില്‍ പതാകകളുമായി കാത്തുനിന്നാണ് ആളുകള്‍ മാര്‍ച്ചിനെ സ്വീകരിക്കുന്നത്.
ബന്ദികളുടേയും കാണാതായവരുടേയും ബന്ധുക്കള്‍ മാത്രമല്ല, മറ്റുള്ളവരും അണി ചേരുന്നുണ്ട്. ജോലി ആവശ്യാര്‍ഥം ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ അവിടെ യു.എന്‍. സെക്രട്ടറി ജനറലിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നുവെന്നും ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന ശ്രമങ്ങളില്‍ പങ്കുചേരുകയാണെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന റേച്ചലി ഗബ്രിയേല്‍ പറഞ്ഞു.

 

Latest News