ദോഹ- ഗസ്സയിലെ കുട്ടികൾക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രകടമാക്കുന്നതിനുള്ള എജ്യുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷന്റെ മെമ്മോറിയൽ വോക്ക് നവംബർ 24 ലേക്ക് മാറ്റി. ഈ വാരാന്ത്യത്തിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണിത്. നവംബർ 17 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ നടത്താനിരുന്ന ചിൽഡ്രൺ എബോവ് ഓൾ നവംബർ 24 ന് ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
'ചിൽഡ്രൺ എബോവ് ഓൾ' കുട്ടികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സവിശേഷ പരിപാടിയാണ്. വൈകുന്നേരം 4 മണിക്കും 7 മണിക്കും ഷെഡ്യൂൾ ചെയ്തിരിക്കുന്ന രണ്ട് സ്മാരക നടത്തങ്ങൾ, നിശബ്ദതയുടെ നിമിഷങ്ങൾ, ഒരു കലാ പ്രദർശനം, ഹൃദയസ്പർശിയായ റോസസ് മെമ്മോറിയൽ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും പ്രതിഫലനത്തിന്റെ ഗൗരവമേറിയ നിമിഷങ്ങളും ഉൾപ്പെടുന്നതാകും പരിപാടിയെന്ന് സംഘാടകർ വ്യക്തമാക്കി.
കുട്ടികൾക്കും അവരുടെ കുടുംബത്തിനുമായി വിവിധ കായിക വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. 'ഈ ഇവന്റിലെ നിങ്ങളുടെ സാന്നിധ്യം ലക്ഷ്യത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുക മാത്രമല്ല, ആവശ്യമുള്ളവരോടുള്ള ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായും വർത്തിക്കുമെന്ന്' എജ്യുക്കേഷൻ എബോവ് ഓൾ (ഇ.എ.എ) ഫൗണ്ടേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.






