തരംഗമായി എമ്പുരാൻ ഫസ്റ്റ് ലുക് പോസ്റ്റർ

മലയാള സിനിമയിലെ എക്കാലത്തെയും വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ദീപാവലി ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സ്റ്റീഫൻ നെടുമ്പള്ളിയിൽനിന്ന് ഖുറേഷ് അബ്രാമായി പരിണമിച്ച മോഹൻലാൽ ഫൈറ്റർ വിമാനത്തിനു മുന്നിൽ തോക്കുമായി പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക് പോസ്റ്ററിലുള്ളത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും ലാലേട്ടന്റെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
2019 ലാണ് ഖുറേഷ് അബ്രഹാമിന്റെ രണ്ടാം വരവ് പ്രഖ്യാപിച്ചത്. 
ഈ വർഷം ഒക്ടോബറിൽ ആരംഭിച്ച ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ദൽഹി-ഹരിയാന അതിർത്തിയിലെ ഫരീദാബാദിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ഇരുപതോളം വിദേശ രാജ്യങ്ങളിലും എമ്പുരാൻ ചിത്രീകരിക്കുന്നുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്. വിദേശ താരങ്ങളും വിവിധ ഭാഷകളിൽ നിന്നുള്ള താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നു. ആശീർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.

Latest News