ദീപാവലി ദിനത്തിൽ തിയേറ്ററുകളിലെത്തിയ സൽമാൻ ഖാൻ ചിത്രം ടൈഗർ 3, ബോക്‌സോഫീസിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. ആദ്യ ദിവസത്തെ ആഗോള കലക്ഷൻ 94 കോടിയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ മാത്രം 52.5 കോടി. ഓവർസീസ് കലക്ഷൻ 41.5 കോടിയാണെന്നും അനലിസ്റ്റുകളായ വൈ.ആർ.എഫ് പറയുന്നു.
ദീപാവലി ദിനത്തിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന റെക്കോഡ് കലക്ഷനാണ് ടൈഗർ 3യുടേത്. ഇതിനു മുമ്പ് ഋത്വിക് റോഷന്റെ ക്രിഷ് 3 നായിരുന്നു ആ റെക്കോഡ്- 15 കോടി. ക്രിഷ് റിലീസ് ചെയ്ത് മൂന്നാം ദിവസമായിരുന്നു ദീപാവലി.
അതേസമയം ഷാരൂഖ് ഖാൻ ചിത്രങ്ങളായ പത്താന്റെയും ജവാന്റെയും ആദ്യദിന കലക്ഷനൊപ്പമെത്താൻ ടൈഗർ 3ക്ക് ആയിട്ടില്ല. പത്താന് 57 കോടിയും ജവാന് 75 കോടിയുമാണ് ആദ്യദിനം ലഭിച്ചത്. എങ്കിലും ബോളിവുഡിന് ഊർജം നൽകാൻ ടൈഗർ 3 ക്ക് കഴിഞ്ഞു.
റോ ഏജന്റായ അവിനാഷ് സിംഗ് റാത്തോർ എന്ന ടൈഗർ ആയി സൽമാൻ എത്തുന്ന ടൈഗർ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ടൈഗർ 3. മനീഷ് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫ് തന്നെയാണ് നായിക. വില്ലൻ വേഷത്തിൽ എത്തുന്നത് ഇംറാൻ ഹാഷ്മിയാണ്.






