ശ്യാമള വീണ്ടും

വീണ്ടും മലയാളി പ്രേക്ഷകർക്കു മുന്നിലെത്തിയ ചിന്താവിഷ്ടയായ ശ്യാമളക്ക് നിറഞ്ഞ സ്വീകരണം. ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ സംഗീത മാധവൻ നായരുടെ പുതിയ വേഷവും ശ്രദ്ധിക്കപ്പെട്ടു. ജോയ് മാത്യുവിന്റെ രചനയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത വീണ്ടും വെള്ളിത്തിരയിലെത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം രാഷ്ട്രീയ കൊലപാതകങ്ങളെയും ദുരഭിമാന കൊലയേയുമെല്ലാം പ്രമേയമാക്കി ഒരുക്കിയതായിരുന്നു. കൊല്ലാനും ചാവാനും തുനിഞ്ഞിറങ്ങിയിരിക്കുന്ന വന്യമായ മനസ്സിനുടമകളായ ചില മനുഷ്യരും അവരുടെ ജീവിത വഴിയിലെ ചോര ചിന്തുന്ന സംഭവങ്ങളുമെല്ലാം ഇതിവൃത്തമാകുമ്പോഴും ഇവരെക്കുറിച്ച് കണ്ണീരൊഴുക്കാൻ വിധിക്കപ്പെട്ട ചില സ്ത്രീജന്മകൾ കൂടിയുണ്ട്. അത്തരത്തിലൊരാളാണ് സംഗീത അവതരിപ്പിച്ച ദേവി എന്ന കഥാപാത്രം.
ചിന്താവിഷ്ടയായ ശ്യാമളയ്ക്കു ശേഷം ഒന്നു രണ്ടു ചിത്രങ്ങളിൽ കൂടി വേഷമിട്ട സംഗീത വിവാഹിതയായി അഭിനയരംഗത്തുനിന്നും പിൻവാങ്ങുകയായിരുന്നു. വിജയ് നായകനായ പൂവെ ഉനക്കാകെ എന്ന ചിത്രത്തിൽ നായികയായി വേഷമിട്ട സംഗീത ചിത്രത്തിലെ ഛായാഗ്രഹകനായ ശരവണനുമായി പ്രണയത്തിലാവുകയും ഒടുവിൽ വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹ ശേഷവും നിരവധി കഥാപാത്രങ്ങൾ സംഗീതയെ തേടിയെത്തിയെങ്കിലും കുടുംബ ജീവിതവുമായി ഒതുങ്ങിക്കഴിയുകയായിരുന്നു അവർ. പോയ വർഷം ശ്രീനിവാസന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു. തുടർന്ന് വീണ്ടുമെത്തിയിരിക്കുകയാണിവിടെ. 

ചാവേറിലെ ദേവിയായി വീണ്ടുമെത്തുമ്പോൾ?
മലയാളത്തിൽ വീണ്ടുമെത്തിയതിൽ ഏറെ സന്തോഷമുണ്ട്. നല്ലൊരു ടീമിനോടൊപ്പം ഒരു മികച്ച സിനിമയിലൂടെയാണ് തിരിച്ചുവന്നിരിക്കുന്നത്. മലയാളികൾക്ക് ഞാനിപ്പോഴും ശ്യാമള തന്നെയാണ്. എവിടെ ചെന്നാലും അവർ ശ്യാമളയായാണ് എന്നെ തിരിച്ചറിയുന്നത്. കുടുംബ ജീവിതത്തിലെ തിരക്കുകളാണ് സിനിമയിൽനിന്നും മാറിനിൽക്കാൻ കാരണമായത്. ഇതിനിടയിൽ അച്ഛന്റെ മരണവും ഏറെ വിഷമമുണ്ടാക്കി. ആ മാനസികാവസ്ഥയിൽനിന്നും ഒരു മാറ്റം വേണമെന്ന ചിന്തയാണ് വീണ്ടും സിനിമയിലെത്താൻ കാരണമായത്. ഭർത്താവിന്റെ പ്രേരണയുമുണ്ടായിരുന്നു. ഒരു വർഷത്തോളമായി മടങ്ങിവരവിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ട്. അതിനിടയിലാണ് സംവിധായകൻ ടിനു പാപ്പച്ചന്റെ ക്ഷണമെത്തുന്നത്. അടുത്ത ചിത്രത്തിലെ കഥാപാത്രത്തിന് ചേച്ചിയുടെ മുഖമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ടിനുവിനെ നേരത്തെ പരിചയമില്ലായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം സംവിധാനം ചെയ്ത അജഗജാന്തരം, സ്വാതന്ത്ര്യം അർധരാത്രിയിൽ എന്നീ ചിത്രങ്ങൾ കണ്ടു. ആ ചിത്രങ്ങളുടെ രീതി ഇഷ്ടമായപ്പോഴാണ് സമ്മതം മൂളിയത്.

ഭർത്താവിന്റെ പിന്തുണയുണ്ടായിട്ടും സിനിമയിൽനിന്നും മാറിനിന്നത്?
വിവാഹ ശേഷം സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറെയായിരുന്നു. ഭാര്യ, അമ്മ, മകൾ തുടങ്ങിയ പല വേഷങ്ങൾ... ഭർത്താവിന്റെ കുടുംബാംഗങ്ങളെ നോക്കാനും സ്‌നേഹത്തോടെയുള്ള കുടുംബ ജീവിതം നയിക്കാനുമാണ് ആഗ്രഹിച്ചത്. മകളുടെ ജനനത്തോടെ പൂർണമായും കുടുംബിനിയായി മാറുകയായിരുന്നു. ഇപ്പോൾ മകൾ വളർന്നതോടെ വീട്ടിൽനിന്നും മാറിനിന്നാലും കുഴപ്പമില്ലെന്ന അവസ്ഥയായി. അതുകൊണ്ടാണ് വീണ്ടും സിനിമയിലെത്തിയത്.

ചെന്നൈയിൽ ജനിച്ചുവളർന്ന മലയാളി?
അച്ഛൻ മാധവൻ നായർ മലപ്പുറം ജില്ലയിലെ കോട്ടക്കൽ ചെമ്മംപറമ്പിൽ കുടുംബാംഗമാണ്. അമ്മ പത്മ കുഴൽമന്ദം കളപ്പെട്ടയിലെ നല്ലയം വീട്ടിലെ അംഗവും. അച്ഛന് ചെന്നൈയിൽ പഴം ബിസിനസായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ചെന്നൈയിലെത്തിയത്. വീട്ടിലെ നാലു മക്കളിൽ ഇളയവളായ എനിക്ക് കുട്ടിക്കാലം തൊട്ടേ സിനിമയിൽ അഭിനയിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. ചെന്നൈയിലെ ഗുജറാത്ത് സ്‌കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറക്കു മുന്നിലെത്തുന്നത്. അമ്മയുടെ സുഹൃത്തായ പുഷ്പ തമിഴിലെ പ്രശസ്ത നിർമാതാവായ ബാലാജിയുടെ കുടുംബാംഗമായിരുന്നു. മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ രത്തത്തിൻ രത്തിനമേയിലേയ്ക്ക് ധാരാളം കുട്ടികളെ ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് സഹോദരന് കൂട്ടായി അമ്മയ്‌ക്കൊപ്പം ഞാനും പോകുന്നത്. എന്റെ പ്രായത്തിലുള്ള കഥാപാത്രവുമുണ്ടായിരുന്നതിനാൽ എനിക്കും അവസരം ലഭിച്ചു. അന്നാദ്യമായി ക്യാമറക്കു മുന്നിലെത്തുകയായിരുന്നു. പിന്നീട് ബാലതാരമായി, സഹനടിയായി, നായികയായി... തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. എങ്കിലും ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്യാമള എന്ന കഥാപാത്രമാണ് ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്.

തമിഴകത്തുനിന്നും മലയാളത്തിലേയ്ക്ക്?
രാജ് കിരണിന്റെ എല്ലാമേ എൻ രാസാതാൻ എന്ന ചിത്രത്തിലായിരുന്നു തമിഴിൽ ആദ്യമായി നായികയായി അഭിനയിച്ചത്. പുള്ളക്കുട്ടിക്കാരൻ, കാലം മാറിപോച്ച്, പൂവേ ഉനക്കാകെ.. തുടങ്ങിയ ചിത്രങ്ങളിലും നായികയായി. തമിഴിൽ തിരക്കുള്ള സമയത്തായിരുന്നു മലയാളത്തിലേയ്ക്കുള്ള ക്ഷണമെത്തുന്നത്. നാടോടി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരീവേഷം. പിന്നീട് അർത്ഥന, സിംഹവാലൻ മേനോൻ, ചേട്ടൻ ബാവ അനിയൻ ബാവ, മന്ത്രികുമാരൻ... എന്നീ ചിത്രങ്ങളിൽ വേഷമിട്ടു.

ചിന്താവിഷ്ടയായ ശ്യാമള?
ചെന്നൈയിൽ വെച്ചാണ് ചിത്രത്തിന്റെ കഥ കേൾക്കുന്നത്. തിരക്കഥയും സംവിധാനവും ശ്രീനി സാറാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ ഓകെയായിരുന്നു. വടക്കുനോക്കിയന്ത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള. ടൈറ്റിൽ റോളാണെന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം. പത്തൊൻപതാം വയസ്സിലാണ് രണ്ടു കുട്ടികളുടെ അമ്മയായ ശ്യാമളയെ അവതരിപ്പിക്കുന്നത്. കിട്ടിയ കഥാപാത്രത്തെ മികച്ചതാക്കുക എന്ന ചിന്തയിൽ കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും ആലോചിച്ചില്ല. ചെന്നൈയിലെ തിയേറ്ററിൽ വെച്ചായിരുന്നു ചിന്താവിഷ്ടയായ ശ്യാമള കണ്ടത്. ഒരുപാടു പേർ അഭിനന്ദിച്ചു. മാത്രമല്ല, മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു. മികച്ച ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും ചിന്താവിഷ്ടയായ ശ്യാമളയ്ക്കു ലഭിച്ചു.

മനസ്സിനിണങ്ങിയ വേഷങ്ങൾ?
അഭിനയിച്ച ചിത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടവയായിരുന്നു. എങ്കിലും ഏറെ വ്യത്യസ്തമായി തോന്നിയത് ക്രൈം ഫയൽ എന്ന ചിത്രത്തിലെ കന്യാസ്ത്രീയുടെ വേഷമായിരുന്നു. കെ. മധു സംവിധാനം ചെയ്ത ഈ ചിത്രം യഥാർഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയിരുന്നത്. സുരേഷ് ഗോപി നായകനായ ചിത്രത്തിൽ ശക്തയും തന്റേടിയുമായ സിസ്റ്റർ അമല എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. എന്നാൽ ഒരു ദിവസം അമലയുടെ മൃതദേഹം കിണറ്റിൽ കാണപ്പെടുകയായിരുന്നു. ആ സീൻ ഇന്നും മറക്കാനാവില്ല. ആഴമുള്ള കിണറ്റിൽ െവച്ചായിരുന്നു ആ സീൻ ചിത്രീകരിച്ചത്. ഒരു വലയിൽ കെട്ടി എന്നെ കിണറ്റിലേയ്ക്ക് ഇറക്കുകയായിരുന്നു. അപകട സാധ്യതയൊന്നും ആ സമയത്ത് തോന്നിയില്ലെങ്കിലും ശരിക്കുമൊരു റിസ്‌ക് തന്നെയായിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോഴാണ് പലരും അത് പറഞ്ഞത്. എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.

മകളെക്കുറിച്ച്?
സായി തേജസ്വതി എന്നാണ് മകളുടെ പേര്. സ്‌കൂൾ പഠനകാലത്ത് ജിനാസ്റ്റിക്‌സിലായിരുന്നു താൽപര്യം. എന്നാൽ കാലിന് പരിക്കേറ്റതോടെ ആ മോഹം ഉപേക്ഷിച്ചു. പിന്നീട് പൈലറ്റാകണമെന്നായി. പരിശീലനം പൂർത്തിയായി. വൈകാതെ അവൾ പറന്നുതുടങ്ങും. അമ്മ ഒരു അഭിനേത്രിയായിരുന്നു എന്നവൾക്കറിയാം. എന്റെ സിനിമകൾ കണ്ടിട്ടുണ്ടോ എന്നറിയില്ല.

പുതിയ ചിത്രങ്ങൾ?
അഭിനയരംഗത്ത് തുടരാനാണ് ആലോചിക്കുന്നത്. ചാവേറിന് ശേഷം പുതിയ ലൊക്കേഷനിലേയ്ക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയാണ്. അർജുൻ രമേശ് സംവിധാനം ചെയ്യുന്ന പരാക്രമം ആണ് പുതിയ ചിത്രം. 

Latest News