ഷാർജ-സാം പിത്രോഡയുടെ 'വരൂ ലോകം പുനർനിർമ്മിക്കാം' എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രകാശനം ചെയ്തു. നോർക്ക ഡയറക്ടർ ജെ.കെ മേനോൻ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകർത്താവ് സാം പിത്രോഡ ചിക്കാഗോയിൽനിന്ന് സദസ്സുമായി സംവദിച്ചു. റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശനം നടന്നത്. പുസ്തകത്തിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്ന എഴുത്തുകാരൻ മൻസൂർ പള്ളൂരും സംബന്ധിച്ചു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, നോബൽ ജേതാവും എഴുത്തുകാരനുമായ റോൾഡ് ഹോഫ്മാൻ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പ്രകീർത്തിച്ച പുസ്തകം അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാം ജീവിക്കുന്ന ഭൂമിയെയും മനുഷ്യരെയും സംബന്ധിച്ച ഉൾക്കാഴ്ചയുള്ള പ്രവത്തന പദ്ധതി മുന്നോട്ട് വെക്കുന്ന പുസ്തകമാണ് സാംപിത്രോഡയുടെ പുസ്തകമെന്ന് വി.ഡി സതീശൻ പറഞ്ഞു. ഫലസ്തീൻ ഇസ്രായിൽ യുദ്ധത്തിൽ ഐക്യരാഷട്ര സഭയുടെ റോൾ ഇല്ലാതായി. എല്ലാ ദിവസും ന്യൂസ് പ്രസ്താവന ഇറക്കുന്ന എജൻസിയായി ഐക്യരാഷ്ട്ര സഭയും മാറിയെന്നും സതീശൻ പറഞ്ഞു. മൂന്നാമത് ലോകക്രമം എന്നത് ഒരു ദർശനമാണ്. അതിന് നമ്മളെ ചിന്തിപ്പിക്കുന്ന കർമ്മ പദ്ധതിയാണ് ഈ പുസ്തകം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഡോ. സാം പിത്രോഡയെ കണ്ടെത്തിയത് കാരണമാണ് ഇന്ത്യയിൽ ടെലികോം വിപ്ലവം ഉണ്ടായത്. ലോകത്ത് ഇന്ന് ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ നിരക്കിലുളള കമ്മ്യൂണിക്കേഷൻ സംവിധാനമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. എഴുത്തിന്റെ സാങ്കേതിക ഭാഷയും വാക്കുകളുടെ സൗന്ദര്യവും നഷ്ടമാവാതെ പുസ്തകം മലയാളത്തിൽ ലഭ്യമാക്കിയ എഴുത്തുകാരൻ മൻസൂർ പള്ളൂരിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.
എൽവിസ് ചുമ്മാർ അവതാരകനായിരുന്നു. ലോകം ഏറെ ചർച്ച ചെയ്യുന്ന മഹത്തരമായ ഒരു കൃതി ഏറ്റുവാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജെ.കെ മേനോൻ പറഞ്ഞു. അനുര മത്തായി, മഹാദേവൻ എന്നിവർ പ്രസംഗിച്ചു.






