റിയാദ് ഉച്ചകോടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് അറബ് ലോകം, സമ്മര്‍ദം ഫലം കാണുമോ..

റിയാദ് -ഗാസയില്‍ ഇസ്രായില്‍ സൈന്യം ക്രൂരമായ ആക്രമണം നടത്തുന്നതിനിടെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത റിയാദ് ഉച്ചകോടി, യുദ്ധത്തിന് ആളും അര്‍ഥവും നല്‍കി പശ്ചിമേഷ്യയില്‍ അശാന്തി വിതയ്ക്കുന്ന ശക്തികള്‍ക്ക് ശക്തമായ മുന്നറിയിപ്പായി. അറബ് മേഖലയില്‍ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് എല്ലാ അറബ്, ഇസ്‌ലാമിക രാജ്യങ്ങളും ഒത്തൊരുമിച്ചു നിന്നപ്പോള്‍ അത് യുദ്ധത്തെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ ശക്തിയായി രൂപപ്പെട്ടു. അറബ് ലീഗും ഒ.ഐ.സിയും പ്രത്യേകമായി ചേരാനിരുന്ന ഉച്ചകോടി ഒന്നിച്ച് ഒറ്റ ദിവസം നടത്താന്‍ തീരുമാനിച്ചതും ഇറാന്‍, സിറിയ, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളുടെ ഉന്നത നേതാക്കള്‍ ഉച്ചകോടിക്കെത്തിയതും രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

ഗാസക്കെതിരായ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് സമ്മര്‍ദ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ സൗദി അറേബ്യയുടെയും മറ്റു ഏതാനും രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരെയും ഒ.ഐ.സി, അറബ് ലീഗ് സെക്രട്ടറി ജനറല്‍മാരെയും ഉള്‍പ്പെടുത്തിയ സമിതി രൂപീകരിച്ചാണ് ഉച്ചകോടി അവസാനിച്ചത്. സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രണ്ട് ജി20 അംഗരാജ്യങ്ങളുടെയും ആഫ്രിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിരാജ്യത്തിന്റെയും ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെയും വിദേശകാര്യ മന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സമിതി. മേഖലയില്‍ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ഗൗരവതരമായ രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിനുള്ള ചര്‍ച്ച അന്താരാഷ്ട്ര തലത്തില്‍ സജീവമാക്കാനും 57 രാജ്യങ്ങളിലെ നേതാക്കള്‍ സംബന്ധിച്ച യോഗത്തില്‍ തീരുമാനമായി. നയതന്ത്രപരവും രാഷ്ട്രീയവും നിയമപരവുമായ സമ്മര്‍ദം ശക്തമാക്കാനും അധിനിവേശ ശക്തിയായ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതിരോധ നീക്കങ്ങള്‍ക്ക് പദ്ധതി തയാറാക്കാനും ഒ.ഐ.സി, അറബ് ലീഗ് അംഗങ്ങളോട് ഉച്ചകോടി ആവശ്യപ്പെട്ടു. ഗാസ മുനമ്പിലോ വെസ്റ്റ് ബാങ്കിലോ ഉള്ള ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിത കുടിയിറക്കലിനും നാടുകടത്തലിനുമുളള ഏതു ശ്രമങ്ങളെയും നിരാകരിക്കുന്നതിനൊപ്പം അത് യുദ്ധക്കുറ്റമായി കണക്കാക്കുമെന്നും ഉച്ചകോടി ലോകത്തെ അറിയിച്ചു.

അതേസമയം ഫലസ്തീന്‍ ജനതയുടെ നിയമപരമായ പ്രാതിനിധ്യം ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് മാത്രമാണെന്നും മറ്റു വിഭാഗങ്ങളും ശക്തികളും അതിന്റെ കുടക്കീഴില്‍ ഒന്നിക്കണമെന്നും അതനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നുമാണ് ഉച്ചകോടി തീരുമാനമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന അധിനിവേശ ഭരണകൂടത്തിന് ആയുധങ്ങള്‍ നല്‍കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ത്തണം. അറബ്, ഇസ്രായില്‍ പ്രശ്‌നം അന്താരാഷ്ട്ര നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് പരിഹരിക്കാനാവശ്യമായ നടപടികള്‍ക്ക് എല്ലാ രാജ്യങ്ങളും പിന്തുണ നല്‍കണം. ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന പ്രതികാര യുദ്ധത്തെ സ്വയം പ്രതിരോധം എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ആക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കിഴക്കന്‍ ജറൂസലം ആസ്ഥാനമായി 1967 ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്രവും പമാധികാരവുമുള്ള ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കുകയും അധിനിവേശം അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കാനാകൂവെന്നും ലോകരാജ്യങ്ങളെ ഓര്‍മിപ്പിച്ചാണ് ഉച്ചകോടി സമാപിച്ചത്. യുദ്ധം തുടരാന്‍ ഇസ്രായിലിന് വെള്ള കാര്‍ഡ് നല്‍കിയവര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമാണ് 57 രാജ്യങ്ങള്‍ സംയുക്തമായി പ്രഖ്യാപിച്ച ഉച്ചകോടി തീരുമാനമെന്നും ഇസ്രായിലിനോടും പാശ്ചാത്യ രാജ്യങ്ങളോടും അരുത് എന്ന് പറയാന്‍ ഉച്ചകോടിക്കായെന്നുമുള്ള അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്ത്തിന്റെ വാക്കുകള്‍ പ്രതീക്ഷാര്‍ഹമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

 

 

Latest News