ഇന്ത്യയില്‍ വിദ്വേഷം ഇത്രയും ആഴത്തിലാണോ; വിശ്വസിക്കാനാകാതെ സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ

ബംഗളൂരു- ഫലസ്തീനികളെ കൊന്നൊടുക്കുമ്പോള്‍ ദീപാവലി ആഘോഷിക്കുന്നില്ലെന്ന് വ്യക്തമാക്കി പോസ്റ്റിട്ട കര്‍ണാട്ടിക് സംഗീതജ്ഞനും ആക്ടിവിസ്റ്റുമായ ടി.എം കൃഷ്ണയെ കൈകാര്യം ചെയ്ത് സോഷ്യല്‍ മീഡിയ. ഗാസയില്‍ ഇസ്രായില്‍ ആരംഭിച്ച യുദ്ധത്തില്‍ ഹമാസിനെതിരെയും ഇസ്രായിലിന് അനുകൂലമായും നിലപാട് സ്വീകരിച്ച സംഘ്പരിവാര്‍ അനുകൂലികളാണ് ടി.എം.കൃഷ്ണക്കെതിരായ ട്രോളുകളുമായി രംഗത്തുള്ളത്.
ഞായറാഴ്ച  ഇദ്ദേഹം  ദീപാവലി സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.  ഫലസ്തീനിലെ യുദ്ധത്തിനിടയില്‍ വെളിച്ചത്തിന്റെ ഉത്സവം ആഘോഷിക്കാനുള്ള ബുദ്ധിമുട്ടാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രകാശം ഫലസ്തീനിലെ ജനങ്ങള്‍ക്ക് ആസന്നമായ മരണമെന്നാണ് ടി.എം.കൃഷ്ണ കുറിച്ചത്.  ഫലസ്തീനികള്‍ക്കുള്ള പിന്തുണ പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാവര്‍ക്കുമുള്ള പിന്തുണയാണെന്നും ടിഎം കൃഷ്ണ തന്റെ ഫോട്ടോ സഹിതം കുറിച്ചു. ഫലസ്തീനികള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ പ്രകാശത്തിന്റെ ഉത്സവം ആഘോഷിക്കാന്‍ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു.
കൃഷ്ണയെ ഗാസയിലേക്ക് അയക്കണമെന്നാണ് ദീപാവലിയോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റിനെ വിമര്‍ശിച്ചവര്‍ കമന്റ് ചെയ്തത്. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇസ്രായിലികളോട് എന്തുകൊണ്ട് ഇങ്ങനെ തോന്നുന്നില്ലെന്നാണ്  പലരും കൃഷ്ണയോട് ചോദിച്ചത്.
താന്‍ ഉദ്ദേശിച്ച കാര്യം മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണോ അതോ വിദ്വേഷം അവസാനിക്കാത്ത വിധം അത്രയും ആഴത്തിലാണോ എന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് ടി.എം.കൃഷ്ണ ട്രോളന്മാര്‍ക്ക് മറുപടി നല്‍കിയത്.
ഇസ്രായില്‍ ഫലസ്തീനികള്‍ക്കെതിരെ തുടരുന്ന ക്രൂരത ലോകത്താകെ അപലപിക്കപ്പെടുമ്പോഴും ഇന്ത്യയില്‍ ഹമാസിനെ പ്രതിസ്ഥാനത്തു നിര്‍ത്തി വ്യാപക വിദ്വേഷ പ്രചാരമാണ് നടക്കുന്നത്.
ഇസ്രായില്‍ യുദ്ധം തുടരുമ്പോള്‍ 80 ശതമാനം വ്യാജ വാര്‍ത്തകളും വീഡിയോകളും ഇന്ത്യയില്‍നിന്നാണ് പുറത്തുവരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ബിജെപിയുടെ നയം ഇന്ത്യയുടെ നയമായി കണക്കാക്കരുതെന്നും ഇന്ത്യ എല്ലായ്‌പ്പോഴും ഫലസ്തീനൊപ്പമാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പറഞ്ഞിരുന്നു.

 

Latest News