ഇടുക്കി ഡാമിലെ ജലനിരപ്പ് 2401.1 അടിയായി; ഒഴുക്കി വിടുന്നത് ഇരട്ടി വെള്ളം

ഇടുക്കി- എല്ലാ കണക്കുകൂട്ടലുകളലും തെറ്റിച്ച് മഴ കനത്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് രാവിലെ ഒമ്പതു മണിയോടെ 2401.1 അടിയായി. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ രണ്ടു ഷട്ടറുകള്‍ കൂടി രാവിലെ തുറന്നു. മൂന്ന് ഷട്ടറുകള്‍ വഴി ഇപ്പോള്‍ സെക്കന്‍ഡില്‍ 1.25 ലക്ഷം ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന്റെ ഇരട്ടിയാണിത്. ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. 25 സെ.മി ഉയര്‍ത്താനാണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഡാമിലേക്ക് വെള്ളം കുത്തിയൊഴുകി എത്തിയതോടെ കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വെള്ളമൊഴുകുന്ന ചെറുതോണി പുഴ, പെരിയാര്‍ തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയാല്‍ കരകവിഞ്ഞൊഴുകി വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഡാമിനു തൊട്ടടുത്ത ചെറുതോണി പട്ടണത്തില്‍ ശക്തമായ ഒഴുക്കു മൂലം റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ഇവിടെ ഗതാഗതം നിരോധിച്ചു. അണക്കെട്ടില്‍ നിന്നും വെള്ളമൊഴുകിയെത്തുന്ന മേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടന്നു വരുന്നത്. 

Latest News