വടകര-ഫലസ്തീന് പ്രശ്നത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ചരിത്ര സത്യങ്ങളെ തമസ്ക്കരിക്കുകയും വളച്ചൊടിക്കുകയുമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിദ്ധന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
1948 ല്‍ സാമ്രാജ്യത്വ ശക്തികളായ അമേരിക്കയും ബ്രിട്ടനുമായി ചേര്‍ന്ന് ഇസ്രായില്‍ രാഷ്ട്രം സൃഷ്ടിക്കാന്‍ പരിശ്രമിച്ചത് സോവിയറ്റ് റഷ്യയായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രായില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത് മാത്രമല്ല കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളടക്കം ഒട്ടേറെ ലോക രാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ കഠിന പരിശ്രമം നടത്തിയതും ജോസഫ് സ്റ്റാലിനാണെന്ന കാര്യം പിണറായിക്ക് അറിയുമോ. 35 ലക്ഷം ജൂതന്മാരെയാണ് റഷ്യയില്‍ നിന്ന് മാത്രം സ്റ്റാലിന് ഇസ്രായിലില്‍ കുടിപാര്‍പ്പിച്ചത്.
1948 ല്‍ റഷ്യയും അമേരിക്കയും ബ്രിട്ടനുമായി ചേര്‍ന്ന് ഇസ്രായില്‍ രാഷ്ട്രം ഉണ്ടാക്കുന്നതിന് 10 വര്‍ഷം മുമ്പ് 1938ല്‍ ഗാന്ധിജി പലസ്തീനില്‍ ഇസ്രായില്‍ രാഷ്ട്രം നിര്‍മ്മിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. ഇത് അധാര്‍മ്മികമാണെന്നും മാനവരാശിയോടുള്ള കുറ്റകൃത്യമാണെന്നും ഗാന്ധിജി ഹരിജനിലെഴുതി. ഫലസ്തീന് പ്രശ്നത്തില്‍ ഗാന്ധിജിയുടെ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനെന്ന് മുല്ലപ്പള്ളി പറഞ്ഞു. വോട്ട് ബേങ്ക് രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്ന പിണറായിക്ക് ഫലസ്തീന് പ്രശ്നം മുസ്ലിം പ്രശ്നമാണെങ്കില്‍ കോണ്‍ഗ്രസിന് മാനവരാശിയുടെ പ്രശ്നമാണ്. കഥ അറിയാതെ ആട്ടം കാണുകയാണ് പിണറായി വിജയനെന്ന് മുല്ലപ്പള്ളി പറഞ്ഞു.