Sorry, you need to enable JavaScript to visit this website.

പതിനൊന്നുകാരനായ 'ബിസിനസുകാരന്‍': സമ്പാദ്യമെല്ലാം ഗാസയിലെ കുട്ടികള്‍ക്ക്

ദുബായ്- യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ കുട്ടികളെ സഹായിക്കാന്‍ ദുബായില്‍ താമസിക്കുന്ന 11 വയസ്സുകാരന്‍ തന്റെ സമ്പാദ്യം മുഴുവന്‍ വിനിയോഗിക്കുന്നു. കലാകാരനും സംരംഭകനുമായ നക്ഷ് അവ്താനി തന്റെ ചിത്രരചനാ വൈഭവം പ്രകടമാക്കുന്നത് ഷൂവിലാണ്.  ബിസിനസില്‍നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അവന്‍ സംഭാവന ചെയ്യുന്നു.

'ഗാസയിലെ പ്രതിസന്ധിയിലായ കുട്ടികള്‍ക്കായുള്ള ധനസമാഹരണമാണ് എന്റെ ഏറ്റവും പുതിയ പ്രോജക്റ്റ് ലക്ഷ്യമിടുന്നത്,' തന്റെ കലാപരമായ കഴിവുകള്‍ ഉപയോഗിച്ച് ഷൂസ് മാത്രമല്ല, മഗ്ഗുകള്‍, കോസ്റ്ററുകള്‍ എന്നിവയും ഇപ്പോള്‍ മനോഹരമാക്കുന്ന നക്ഷ് പറഞ്ഞു.

'കുട്ടികള്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കാന്‍ ഇത് സഹായിക്കുന്നുവെങ്കില്‍, യുദ്ധം ബാധിച്ച എന്റെ പ്രായക്കാര്‍ക്കായി ഞാന്‍ എന്തെങ്കിലും ചെയ്തതുപോലെയാകും,' നക്ഷ് പറഞ്ഞു.

'ഈ ദീപാവലിക്ക് നിങ്ങളുടെ വീടുകളില്‍ മാത്രമല്ല, യഥാര്‍ഥ ഇരുട്ടില്‍ കഴിയുന്നവരും മെഴുകുതിരി വെളിച്ചം കാണട്ടെ. -നക്ഷ് കൂട്ടിച്ചേര്‍ത്തു.

രണ്ട് വയസ്സുള്ളപ്പോഴാണ് നക്ഷ് ചിത്രരചനയോടുള്ള ഇഷ്ടം കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പ്, 8 വയസ്സുള്ളപ്പോള്‍ അവന്‍ ബിസിനസ് ആരംഭിച്ചു. ജ്യേഷ്ഠന്‍ തന്റെ ഷൂസില്‍ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു അപ്രതീക്ഷിതമായ യാത്രയുടെ തുടക്കം. പ്രതികരണം അതിശയകരമായിരുന്നു, ആളുകള്‍ അവരുടെ പ്രിയപ്പെട്ട കഥാപാത്രവും ബന്ധപ്പെടാനുള്ള നമ്പറും സൂചിപ്പിക്കുന്ന ഒരു സ്ലിപ്പുമായി നക്ഷിന്റെ സ്ഥലത്ത് അവരുടെ വെളുത്ത ഷൂസ് കൊണ്ടുവന്നു. 'നാല് ദിവസത്തിന് ശേഷം  പുതുക്കിയ ഷൂസുമായി അവര്‍ തിരിച്ചുപോകുന്നു.

വെളുത്ത പാദരക്ഷകളില്‍ ചിത്രരൂപങ്ങള്‍ വരച്ച് അവയെ മനോഹരമായ കലാരൂപങ്ങളാക്കി മാറ്റുന്നതാണ് 11 കാരന്റെ ബിസിനസ്.  വരുമാനത്തിന്റെ ഭൂരിഭാഗവും ചാരിറ്റിയിലേക്ക് പോകുന്നു എന്നതാണ് നക്ഷിനെ വ്യത്യസ്തനാക്കുന്നത്.

 

Latest News