Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് വ്യോമയാന മേഖലയില്‍ 296,000 പുതിയ തൊഴിലവസരങ്ങളെന്ന് ബോയിംഗ്

ദുബായ്- അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ മധ്യപൗരസ്ത്യദേശത്തെ വ്യോമയാന മേഖലയില്‍ വിമാനങ്ങളുടെ എണ്ണം ഇരട്ടിയിലധികമാകുമെന്നും അതില്‍ പകുതിയോളം (45 ശതമാനം) വൈഡ് ബോഡി വിമാനങ്ങളായിരിക്കുമെന്നും പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്.

യു.എസ് എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാവ് പുറത്തിറക്കിയ കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റ് ഔട്ട്‌ലുക്ക് (സിഎംഒ) പ്രവചനമനുസരിച്ച്, ആഗോള വ്യോമയാന വ്യവസായത്തില്‍ പുതിയ 2,277,000 തൊഴിലവസരങ്ങളുണ്ടാകും. അതില്‍ 13 ശതമാനം (296,000) മിഡില്‍ ഈസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക മേഖലയിലായിരിക്കും.

2023 നും 2024 നും ഇടയില്‍ മിഡില്‍ ഈസ്റ്റ് എയര്‍ലൈനുകള്‍ക്കു നല്‍കുന്ന വാണിജ്യ വിമാനങ്ങളുടെ എണ്ണം 3,025 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതില്‍ 1,570 ചെറുവിമാനങ്ങള്‍, 1,350 വൈഡ്‌ബോഡി, 70 ചരക്ക് വിമാനം, 35 പ്രാദേശിക ജെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

'മിഡില്‍ ഈസ്റ്റിലെ എയര്‍ലൈനുകള്‍ അവരുടെ സ്വാധീനവും വ്യാപനവും വര്‍ധിപ്പിച്ചത് ഈ പ്രദേശത്തെ ഒരു അന്താരാഷ്ട്ര എയര്‍ ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റുന്നു- ബോയിംഗിലെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഡാരന്‍ ഹള്‍സ്റ്റ് പറഞ്ഞു.

ഗണ്യമായ സാമ്പത്തിക വളര്‍ച്ചയും ദേശീയ വികസന പദ്ധതികളും വഴി 'വിമാന യാത്രയും ചരക്ക് ആവശ്യവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മേഖലയിലെ എയര്‍ലൈനുകള്‍ക്ക് കാര്യക്ഷമവും വൈവിധ്യപൂര്‍ണവുമായ ഫ്‌ളീറ്റ് ആവശ്യമായി വരുന്നതിനാല്‍, വിപണി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബോയിംഗ് ഉല്‍പ്പന്നങ്ങള്‍ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. 2042 ആകുമ്പോഴേക്കും മിഡില്‍ ഈസ്റ്റിലെ ചരക്ക് വിമാനങ്ങളുടെ എണ്ണം ഇരട്ടിയായി, അതായത് 180 ജെറ്റുകളായി ഉയരുമെന്ന് ബോയിംഗ് പറഞ്ഞു.

നിലവിലുള്ള പ്രധാന വിമാനക്കമ്പനികള്‍ അതിവേഗം റൂട്ടുകള്‍ വികസിപ്പിക്കുകയും നിലവിലുള്ള നെറ്റ്‌വര്‍ക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ പുതിയ എയര്‍ലൈനുകള്‍ കടന്നു വരികയും ചെയ്യുന്നു. റിയാദ് പോലുള്ള പുതിയ വ്യോമയാന കേന്ദ്രങ്ങളുടെ ആവിര്‍ഭാവത്തിന് മിഡില്‍ ഈസ്റ്റ് സാക്ഷ്യം വഹിക്കുന്നു. ഈ മേഖലയിലെ പല എയര്‍ലൈനുകളും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ കാര്യക്ഷമമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഹബ്ബുകളായി മാറി.  
പുതിയ വിമാനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം എയര്‍ ട്രാഫിക്കിനെയും കാര്‍ഗോ വളര്‍ച്ചയെയും സഹായിക്കുമെന്നും മൂന്നിലൊന്ന് പഴയ വിമാനങ്ങള്‍ക്ക് പകരം കൂടുതല്‍ ഇന്ധനക്ഷമതയുള്ള മോഡലുകളായിരിക്കുമെന്നും  ബോയിംഗ് പറഞ്ഞു.

 

 

Latest News