ഇലക്ട്രോണിക് സേവനങ്ങളില്‍ രണ്ട് പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ- ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി ഇലക്ട്രോണിക് സേവനങ്ങളില്‍ രണ്ട് പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസന്‍സ് ഇലക്ട്രോണിക് രീതിയില്‍ പുതുക്കാനോ റദ്ദാക്കാനോ കഴിയും.

ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഉടമകള്‍ അവരുടെ ലൈസന്‍സുകള്‍ കാലഹരണപ്പെടുന്നതിന് കുറഞ്ഞത് ഒരു മാസമെങ്കിലും മുമ്പ് ഇലക്ട്രോണിക് രീതിയില്‍ പുതുക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.

പുതുക്കലിന് യോഗ്യത നേടുന്നതിന്, സ്ഥാപനത്തിന് സജീവമായ സ്ഥാപന ഐഡി ( കംപ്യൂട്ടര്‍ കാര്‍ഡ്) യും സാധുവായ വാണിജ്യ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. അതുപോലെ തന്നെ ഉടമയ്ക്ക് ഒരു തരത്തിലുമുള്ള നിരോധനങ്ങളോ വ്യക്തിഗത വിലക്കുകളോ ഉണ്ടാവരുത്. നിലവില്‍ പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കാത്തതും ഓഫീസിനെതിരെ പരാതികളില്ലാത്തതുമാവണം.

ഒരു ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസന്‍സ് റദ്ദാക്കാന്‍ അപേക്ഷിക്കുന്ന സാഹചര്യത്തില്‍, സ്ഥാപനത്തിന് വിലക്കുകളോ നിലവിലെ ഉടമയ്ക്ക് വ്യക്തിപരമായ വിലക്കുകളോ ഓഫീസിനെതിരെ പരാതികളോ ഇല്ലെങ്കില്‍, ഒരു ഔദ്യോഗിക പത്രത്തില്‍ ഓഫീസ് അടച്ചുപൂട്ടുന്നു എന്ന പ്രഖ്യാപനം നടത്തി ഒമ്പത് മാസം പിന്നിട്ടാല്‍ അപേക്ഷ സ്വീകരിക്കും.

സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട വിവിധ അധികാരികളുമായി ഏകോപിപ്പിച്ച് തൊഴില്‍ മന്ത്രാലയം അതിന്റെ എല്ലാ സേവനങ്ങള്‍ക്കും ഒരു സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റ് വഴി 80 ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നുണ്ട്‌

 

Latest News