ഷാര്‍ജ- നൂറുകണക്കിന് പുസ്തകങ്ങള്‍ പ്രകാശിതമായ ഷാര്‍ജ പുസ്തക മേളയില്‍ അകക്കാമ്പുള്ള എത്ര പുസ്തകങ്ങള്‍ അക്കൂട്ടത്തിലുണ്ട് എന്ന് ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്നത് എന്നായിരിക്കും സാഹിത്യ പ്രേമികളുടെ ഉത്തരം. അത്തരത്തില്‍ കാമ്പുള്ള ഒരു പുസ്തകത്തെക്കുറിച്ച് നടന്ന ചര്‍ച്ച പുസ്തകമേളയുടെ മാറ്റ് കൂട്ടുന്നതായിരുന്നു.
പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന്റെ 'ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്' എന്ന ബര്‍ഖയുടെ പുസ്തകത്തെ ആധാരമാക്കി ബുക് ഫോറത്തില്‍ നടന്ന സംവാദമാണ് ശ്രദ്ധേയമായത്. കോവിഡ് മാഹാമാരി കാലയളവില്‍ ധൈര്യപൂര്‍വം ജനങ്ങളിലേക്കിറങ്ങി ബര്‍ഖ ദത്ത് നടത്തിയ റിപ്പോര്‍ട്ടിംഗിന്റെ ചരിത്രമാണ് ഈ പുസ്തകം. വലിയ ജനശ്രദ്ധയും അംഗീകാരവും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പുസ്തകത്തിനും ലഭിച്ചു.
സാധാരണ മനുഷ്യര്‍ക്കായി നിലയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച ബോധ്യമാണ് കോവിഡിന്റെ രൂക്ഷതയില്‍ ഫീല്‍ഡ് റിപ്പോര്‍ട്ടിംഗ് ചെയ്യിച്ചതെന്ന് പറഞ്ഞ ബര്‍ഖ ദത്ത്, ജനങ്ങളിലേക്ക് ശരിയായ വിവരമെത്തിക്കാന്‍ 120 ദിവസമെടുത്ത് 14 സംസ്ഥാനങ്ങളില്‍ 30,000 കിലോമീറ്ററിലധികം താന്‍ സഞ്ചരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 1000ത്തിലധികം വീഡിയോ സ്‌റ്റോറികളാണ് അക്കാലയളവില്‍ ചെയ്തത്. ഒരു വിഷ്വല്‍ സ്‌റ്റോറിക്ക് പെട്ടെന്ന് ജനങ്ങളിലെത്താന്‍ കഴിയും. അതിന്റെ രേഖപ്പെടുത്തലാണ് പുസ്തകത്തിലുള്ളത്. മഹാമാരി കാലത്ത് വലിയ മാധ്യമ സ്ഥാപനങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ മിക്കവരും സ്റ്റുഡിയോയിലിരുന്നപ്പോള്‍, കുറഞ്ഞ വിഭവങ്ങളുള്ള കുഞ്ഞു നാട്ടു ഭാഷാ മാധ്യമ സ്ഥാപനങ്ങള്‍ ഫീല്‍ഡിലിറങ്ങി യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യ നിര്‍വഹണമാണ് തനിക്ക് ജേണലിസമെന്ന് ബര്‍ഖ ദത്ത് പറഞ്ഞു.
അഞ്ജന ശങ്കര്‍ (ദി നാഷണല്‍) മോഡറേറ്ററായിരുന്നു. സദസ്സില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് ബര്‍ഖ ദത്ത് മറുപടി പറഞ്ഞു. 'ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്' എന്ന പുസ്തകത്തിന്റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു.






