Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹമാസ് കേന്ദ്രമെന്ന് ആരോപിച്ച് ആശുപത്രി വളഞ്ഞ് ആക്രമണം

ഗാസ സിറ്റി- ഗാസയില്‍ ശിഫ ആശുപത്രിക്ക് സമീപം ഇസ്രായില്‍ സൈനികരും ഹമാസ് പോരാളികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. എല്ലാ യുദ്ധ നിയമങ്ങളും കാറ്റില്‍ പറത്തുന്ന ഇസ്രായില്‍ സൈന്യം ഗാസയിലെ ആശുപത്രികള്‍ വളഞ്ഞ് ശക്തമായി ആക്രമണം തുടരുകയാണ്.
ഗാസ സിറ്റിയിലെ പ്രധാന ആശുപത്രിയായ അല്‍ ശിഫ ആശുപത്രി 24 മണിക്കൂറിനിടെ ഇസ്രായിലി  ടാങ്കുകള്‍ അഞ്ച് തവണ ആക്രമിച്ചു. 13 പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ മെറ്റേണിറ്റി വാര്‍ഡിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സല്‍മിയ പറഞ്ഞു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയാണിത്. ഇവിടെ ഹമാസിന്റെ പ്രധാന കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രായില്‍ ആരോപണം.
ഗാസ സിറ്റിയിലെ അഭയാര്‍ഥി ക്യാമ്പായി മാറിയ അല്‍ ബുറാഖ് സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും എത്തിച്ചത് ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ ആശുപത്രിയിലാണ്.
ഫലസ്തീന്‍ റെഡ് ക്രസന്റിന്റെ നിയന്ത്രണത്തിലുള്ള അല്‍ ഖുദ്‌സ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗാസയിലെ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്ന 12 ആശുപത്രികളും ഒഴിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യം ആവശ്യപ്പെട്ടുവെന്നും ഏത് നിമിഷവും ആശുപത്രികള്‍ തകര്‍ക്കുമെന്നതിന്റെ സൂചനയാണിതെന്നും മെഡിക്കല്‍ എയ്ഡ് ഫോര്‍ ഫലസ്തീനിയന്‍സ് (മാപ്) പ്രസ്താവനയില്‍ അറിയിച്ചു. പരിക്കേറ്റവരും രോഗികളുമായി പതിനായിരങ്ങളാണ് ഈ ആശുപത്രികളില്‍ കഴിയുന്നത്. ഇതിനുപുറമെ പതിനായിരക്കണക്കിന് ആളുകള്‍ ആശുപത്രി കോമ്പൗണ്ടുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ഗാസയില്‍ കുടിവെള്ളവും ഭക്ഷണവും ലഭ്യമായ അപൂര്‍വം സ്ഥലങ്ങളാണ് ആശുപത്രികള്‍. ആശുപത്രികളെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടല്‍ നടത്തണമെന്ന് മാപ് സി.ഇ.ഒ മിലനി വാര്‍ഡ് അഭ്യര്‍ഥിച്ചു.
നാല് മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായില്‍ സമ്മതിച്ചതായി അമേരിക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയതിന്റെ സൂചനയൊന്നും പുറത്തു വന്നിട്ടില്ല. വടക്കന്‍ ഗാസയില്‍ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികള്‍ക്കു നേരെ ഇന്നലെയും ഇസ്രായില്‍ ബോംബുകള്‍ വര്‍ഷിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരെ എത്തിച്ച ആശുപത്രികള്‍ക്കു നേരെയും ആക്രമണം തുടര്‍ന്നു. ഇപ്പോഴത്തെ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11,078 ആയി. ഇതില്‍ 4506 പേര്‍ കുട്ടികളാണ്. 27,490 പേര്‍ക്കാണ് പരിക്കേറ്റത്. വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ ആക്രമണത്തില്‍ 44 കുട്ടികളടക്കം 183 പേര്‍ കൊല്ലപ്പെട്ടു. 2400 പേര്‍ക്ക് പരിക്കേറ്റു.
ഭൂമിയിലെ നരകമെന്നാണ് ഗാസയിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ യു.എന്‍ അധികൃതര്‍ വിശേഷിപ്പിച്ചത്. ഇതിനകം നൂറിലേറെ യു.എന്‍ സമാധാന, രക്ഷാ പ്രവര്‍ത്തകരാണ് ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ താമസ കെട്ടിടങ്ങളില്‍ പകുതിയിലേറെയും ഇസ്രായില്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു.
അതിനിടെ, ഗാസയില്‍ സാധാരണക്കാരെ രക്ഷിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന്് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നാല് മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പോരാ. അനവധി ഫലസ്തീനികളാണ് കഴിഞ്ഞയാഴ്ചകളില്‍ കൊല്ലപ്പെട്ടത്. വളരെയധികം പേര്‍ ദുരിതത്തിലാണ്. അവര്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ സാധ്യമായതെല്ലാം നമുക്ക് ചെയ്യണം. അവര്‍ക്ക് പരമാവധി ജീവകാരുണ്യ സഹായം എത്തുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ബ്ലിങ്കണ്‍. ന്യൂദല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, രാജ്യരക്ഷ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തി.
ഇസ്രായിലിന് സൈനിക തലത്തിലടക്കം എല്ലാ സഹായവും നല്‍കുമ്പോഴും ഇസ്രായില്‍ എല്ലാ യുദ്ധ നിയമങ്ങളും ലംഘിച്ച് നടത്തുന്ന ആക്രമണത്തോട് അമേരിക്കന്‍ ഭരണകൂടത്തിന് വിയോജിപ്പ് വര്‍ധിച്ചുവരുന്നതിന്റെ സൂചനയായി ബ്ലിങ്കന്റെ വാക്കുകള്‍. യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി ഇടിയുകയാണ്.
ഇസ്രായിലിന്റെ മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ക്കെതിരെയും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടും ലോകത്ത് വിവിധ നഗരങ്ങളില്‍ ഇന്നലെയും പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നു. ദോഹയില്‍ നടന്ന പ്രകടനത്തില്‍ വിവിധ രാജ്യക്കാരായ ആയിരങ്ങള്‍ പങ്കെടുത്തു.

 

 

Latest News