'നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ' ഷാർജയിൽ പ്രകാശനം ചെയ്തു

'നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ' പുസ്തകം വൈ.എ റഹീമിന് ആദ്യ പ്രതി നൽകി ഡോ.രാവുണ്ണി പ്രകാശനം ചെയ്യുന്നു.

ഷാർജ- മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം 'നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ കവിയും സംസ്‌കാരിക സംഘാടകനുമായ ഡോ. രാവുണ്ണി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീമിന് ആദ്യ പ്രതി നൽകി പ്രകാശനം  നിർവഹിച്ചു. 
ഹൃദയം ഹൃദയത്തോട് പറയുന്ന വർത്തമാനങ്ങൾ കാലം തേടുന്ന നന്മയാണെന്നും, വർത്തമാന കാലത്തിന്റെ ഒറ്റപ്പെടലുകൾക്കുള്ള പരിഹാരമാണെന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  കാലങ്ങളോളം വായിക്കപ്പെടാനുള്ള പുസ്തക പ്രകാശനങ്ങളുടെ ഭാഗമാകാൻ കഴിയുന്നത്  സുകൃതമാണെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അഡ്വ. വൈ.എ റഹീം പറഞ്ഞു.
അധ്യാപികയും എഴുത്തുകാരിയുമായ ദീപ ചിറയിൽ പുസ്തകത്തെ പരിചയപ്പെടുത്തി. മനുഷ്യ സ്‌നേഹത്തെ അന്വേഷിക്കുന്ന എഴുത്തുകളാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നതെന്ന് അവർ പറഞ്ഞു. ഉള്ളു നിറക്കുന്ന ഭാഷയും ശൈലിയും സാധാരണ വായനക്കാനും ഇത് പ്രിയപ്പെട്ടതാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. മൻസൂർ പള്ളൂർ, പ്രസാധകനും എഴുത്തുകാരനുമായ പ്രതാപൻ തായാട്ട്, എഴുത്തുകാരൻ സജീദ് ഖാൻ പനവേലിൽ, പ്രഭാഷകനും എഴുത്തുകാരനുമായ ടി.കെ അനിൽകുമാർ, സോഫിയ ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു. എഴുത്തുകാരൻ വെള്ളിയോടൻ പരിപാടികൾ നിയന്ത്രിച്ചു. സാജിദ് ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി.  

Tags

Latest News