മദ്യലഹരിയില്‍ രണ്ടുവയസ്സുകാരിയെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു, ഭാര്യയെയും മറ്റൊരു മകളെയും അതിക്രൂരമായി മര്‍ദിച്ചു

ലഖ്‌നൗ - മദ്യലഹരിയില്‍ രണ്ടുവയസ്സുകാരിയെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു. ഭാര്യയെയും മറ്റൊരു മകളെയും അതിക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഹയാത്ത് നഗര്‍ മേഖലയിലാണ് ക്രൂരത അരങ്ങേറിയത്. അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന (27) ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പൊലീസ് സൂപ്രണ്ട് കുല്‍ദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തില്‍ യുവതിക്ക് രണ്ട് പെണ്‍മക്കളുണ്ട്. വ്യാഴാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, മക്കളായ മന്നത്ത് (2), മന്താഷ (മൂന്നര വയസ്സ്) എന്നിവരെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. മന്നത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലെ ആശുപത്രിയിലെത്തിച്ചതായി പോലീസ് പറഞ്ഞു. മുന്നയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest News