നുണയാണോ പറയുന്നത്;ഗാസക്കാരെ മാറ്റാനോ ഭരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് നെതന്യാഹു

ടെല്‍അവീവ്- ഹമാസിനെതിരായ യുദ്ധത്തില്‍ ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രായില്‍ ശ്രമിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആദ്യമായാണ് നെതന്യാഹു ഇക്കാര്യം പരസ്യമായി പ്രസ്താവിച്ചത്. ഫലസ്തീനികളെ മാറ്റുക ഇസ്രായിലിന്റെ ഗൂഢലക്ഷ്യമാണെന്ന ആശങ്ക പല രാജ്യങ്ങളും പങ്കുവെച്ചതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ഞങ്ങള്‍ ആരെയും സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നില്ലെന്ന് നെതന്യാഹു ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഗാസക്കാര്‍ക്കായി സുരക്ഷിത മേഖല സ്ഥാപിച്ചും മാനുഷിക സഹായം പ്രോത്സാഹിപ്പിച്ചുമാണ് ഈ യുദ്ധം ചെയ്യുന്നതെന്ന് നെതന്യാഹു അവകാശപ്പെട്ടു.
ഞങ്ങള്‍ ഗാസ കീഴടക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ ഗാസ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ ഗാസ ഭരിക്കാന്‍ ശ്രമിക്കുന്നില്ല- യു.എസ് ഭരണകൂടം പ്രകടിപ്പിച്ച നിലപാടിന് അനുസൃതമായി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഹമാസിനെതിരായ യുദ്ധം അവസാനിച്ചതിന് ശേഷം 'അനിശ്ചിതകാലത്തേക്ക്' ഗാസ മുനമ്പില്‍ ഇസ്രായിലിന് മൊത്തത്തിലുള്ള സുരക്ഷാ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് നെതന്യാഹു തിങ്കളാഴ്ച എബിസി ന്യൂസിനോട് പറഞ്ഞതിനു വിരുദ്ധമാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവന.  യുദ്ധം തുടങ്ങിയതിനുശേഷം അഭിമുഖങ്ങള്‍ ഒഴിവാക്കിയ  നെതന്യാഹു ഈ ആഴ്ച അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന രണ്ടാമത്തെ അഭിമുഖമാണിത്.

 

Latest News