അല്‍ ഉല റോയല്‍ കമ്മീഷന്‍ ഏരിയയില്‍ ഏഴ് അറേബ്യന്‍ ചീറ്റക്കുഞ്ഞുങ്ങള്‍കൂടി പിറന്നു

തബൂക്ക് - അല്‍ ഉല റോയല്‍ കമ്മീഷന്‍ ഏരിയയില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ ഏഴ് അറേബ്യന്‍ ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി പിറന്നതായി റോയല്‍ കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ ചീറ്റകളെ അവയുടെ പ്രകൃതിദത്ത ആവാസ വ്യവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്ന് വംശനാശ ഭീഷണിയില്‍നിന്നു സംരക്ഷിക്കാനുള്ള റോയല്‍ കമ്മീഷന്റെ പരിശ്രമങ്ങള്‍ വിജയകരമാണെന്ന് തെളിയിക്കുന്നതാണ് ചുരുങ്ങിയ കാലത്തിനിടയില്‍ ചീറ്റകളിലുണ്ടായ വര്‍ധനവ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തായിഫിലെ സൗദ് അല്‍ ഫൈസല്‍ വന്യജീവി ഗവേഷണ കേന്ദ്രത്തിലും ഏതാനും ഹര്‍മാസുകള്‍ (ചീറ്റക്കുഞ്ഞുങ്ങള്‍) പിറന്നിരുന്നു. ചെറിയ ചീറ്റക്കുഞ്ഞുങ്ങളെ അറബിയില്‍ ഹര്‍മാസ് എന്നാണ് വിളിക്കുന്നത്. ഇതോടെ സൗദിയില്‍ ആകെയുള്ള അറേബ്യന്‍ ചീറ്റകളുടെ എണ്ണം ഇരുപത്തിയേഴായി ഉയര്‍ന്നു. ഏതാനും ദിവസം മുമ്പ് ഒരു ചീറ്റയുടെ പ്രസവം കൂടി നടന്നതോടെയാണ് റോയല്‍ കമ്മീഷന്‍ ചീറ്റകളുടെ എണ്ണം വെളിപ്പെടുത്തിയത്. ഇതോടെ 2020 ല്‍ അറേബ്യന്‍ ചീറ്റകളെ വംശ നാശ ഭീഷണിയില്‍നിന്നു സംരക്ഷിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ചീറ്റകളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നതായാണ് കണക്കാക്കുന്നത്.
അറേബ്യന്‍ ചീറ്റകളെ വംശ നാശ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണം നടത്തുന്നതിനു വേണ്ടി എല്ലാവര്‍ഷവും ഫെബ്രുവരി പത്തിന് അറബ്യന്‍ ചീറ്റ ദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുമുണ്ട്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണ്യന്‍ കണക്കു പ്രകാരം ലോകത്താകമാനമുള്ള അറേബ്യന്‍ ചീറ്റകളുടെയെണ്ണം 200 ല്‍ കുറവു മാത്രമാണ്. അനിയന്ത്രതമായ വേട്ടയും കാലാവസ്ഥ വ്യതിയാനവും മറ്റും ആവാസ വ്യവസഥിതിയെ മാറ്റിച്ചതുമാണ് ഇവയുടെ വംശ നാശ ഹേതുവായി കരുതുന്നത്. അറേബ്യന്‍ ചീറ്റകളുടെ ഉത്ഭവ കേന്ദ്രം തന്നെ അല്‍ ഉലയാണെന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്. അല്‍ ഉലയിലെ ശിലാലിഖിതങ്ങളില്‍ നിന്നും മറ്റുമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിരിക്കുന്നത്.

 

Latest News