Sorry, you need to enable JavaScript to visit this website.

VIDEO പറഞ്ഞിട്ടില്ലെന്ന് നടി, പറഞ്ഞുവെന്ന് ചാനല്‍; വിവാദങ്ങള്‍ വിട്ടുമാറാതെ നടി ലെന

കൊച്ചി- മുന്‍ജന്മത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടാനാകാതെ നടി ലെന. പ്രാക്ടീസിംഗ് സൈക്കോളജിസ്റ്റാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ലെന ഷാര്‍ജയില്‍ പറഞ്ഞതിനെ ചോദ്യം ചെയ്യുകയാണ് നടിയുടെ അഭിമുഖം നേരത്തെ സംപ്രേഷണം ചെയ്ത സ്വകാര്യ ടെലിവിഷന്‍ ചാനല്‍.  
ക്ലിനിക്കല്‍ സൈക്കോളജി പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്ന് ലെന പറയുന്ന ഭാഗമാണ് ചാനല്‍ പുറത്തുവിട്ടത്.
മുന്‍ജന്മത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടി ലെന നടത്തിയ പ്രതികരണങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ലെനയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ കേരളാഘടകം രംഗത്തുവന്നതിനു പിന്നാലെയാണ് നടി പ്രതികരിച്ചത്.
സൈക്കോളജിസ്റ്റ് അസോസിയേഷന്‍ അവരുടെ ഭാഗം വ്യക്തമാക്കുകയാണ് ചെയ്തതെന്നും അതൊരു നല്ല കാര്യമാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ പ്രാക്ടീസിങ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല എന്നത് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ഒരു മുഴുവന്‍ സമയ നടിയാണ്. അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കണ്ടിട്ട് പ്രതികരിക്കുന്നവരോട് ഒന്നും പറയാനാകില്ലെന്ന് ലെന പറഞ്ഞു.
മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കണ്ടിട്ടാണ് ആളുകള്‍ പ്രതികരിക്കുന്നതെന്നും നടി വ്യക്തമാക്കി. അതിന് ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മൂന്ന് മണിക്കൂര്‍ നേരമുള്ള ഒരു അഭിമുഖത്തിന്റെ ചെറിയ ചെറിയ ക്ലിപ്പുകള്‍ കണ്ടാല്‍ തെറ്റിദ്ധാരണ വരുന്നത് സ്വാഭാവികമാണ്- നടി കൂട്ടിച്ചേര്‍ത്തു.
ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി സംസാരിച്ച ആള്‍. അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി ഈ ലോകത്ത് സംസാരിക്കുന്നത്. ഞാന്‍ അങ്ങനെ പറഞ്ഞു, അത്രേയുള്ളൂ. അതെങ്ങനെയാണെന്ന് ചോദിച്ചാല്‍ അതൊരു ലോങ് പ്രോസസാണ്. ചിലര്‍ക്ക് പാര്‍ട്ട് ടൈം റിഗ്രഷനിലൂടെയാകാം, ചിലര്‍ക്ക് മെഡിറ്റേഷനിലൂടെയാവാം, മറ്റുചിലര്‍ക്ക് ഗുരു കൊടുക്കുന്ന ദീക്ഷ വഴിയാകാം. ഒരുപാട് വഴികള്‍ ഇതിനുണ്ട്. അത് ഓരോരുത്തരുടേയും അനുഭവങ്ങളാണ്. ഞാന്‍ എന്റെ അനുഭവം പങ്കുവെച്ചുവെന്നേയുള്ളൂ. അതില്‍ ഞാനൊരു കുറ്റവും കാണുന്നില്ല. ഞാനല്ല ആദ്യമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. മുന്‍ജന്മം എന്നത് ഞാന്‍ കണ്ടുപിടിച്ച വാക്കുമല്ല. എന്നെ എന്തിനാണ് ഇത്രയും ചോദ്യം ചെയ്യുന്നത്. സര്‍വസാധാരണമായാണ് ഞാന്‍ പറഞ്ഞത്. മുന്‍ജന്മങ്ങളെക്കുറിച്ച് നമ്മള്‍ സിനിമകള്‍ കണ്ടിട്ടുണ്ട്, പുസ്തകങ്ങളും പ്രഭാഷണങ്ങളുമുണ്ട്.

ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലും യുട്യൂബിലുമെല്ലാം ബഹളം നടക്കുന്നുണ്ട്. ഇങ്ങനെ ഒരിക്കലും സംഭവിക്കുമെന്ന് കരുതിയതല്ല. ഇതിനോട് പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.  112 മെഡിറ്റേഷന്‍ ടെക്‌നിക്കുകളാണ് തനിക്ക് ഗുണം ചെയ്തത്, ആരായാലും രണ്ടരവര്‍ഷം മെഡിറ്റേഷനായി ഫോക്കസ് ചെയ്താല്‍ അവരുടെ ജീവിതം മാറും. ഓണ്‍ലൈനില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാരണം ചില സ്‌ട്രെസ്സുകള്‍ ഉണ്ടെന്നും ലെന പറഞ്ഞു.
താന്‍ തന്നെയായിരുന്നു തന്റെ സൈക്കോളജിസ്‌റ്റെന്നും 2017ല്‍ സ്വയംതീരുമാനിച്ചതുപ്രകാരം മരുന്നുനിര്‍ത്തുകയുണ്ടായി എന്നും ലെന പറഞ്ഞിരുന്നു. മുന്‍ജന്മത്തില്‍ താന്‍ ബുദ്ധ സന്യാസിയാണെന്നാണ് ലെന അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

 

Latest News