രണ്ട് കൊലക്കേസ് പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ വഴി എല്‍ എല്‍ ബിക്ക് പഠിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

തിരുവനന്തപുരം - ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് കൊലക്കേസ് പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ വഴി എല്‍ എല്‍ ബിക്ക് പഠിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കുറ്റവാളിക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും ജയിലില്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി. തടവുകാരുടെ ഇടയില്‍ തങ്ങള്‍ വിശാലമായ സമൂഹത്തിന്റെ ഭാഗമായി തുടരുന്നു എന്ന ബോധം ഉണ്ടാക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. പ്രതികള്‍ രണ്ട് പേരും 2023-24 അധ്യയന വര്‍ഷത്തേക്ക് കേരള ലോ എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എല്‍ എല്‍ ബി പ്രവേശന പരീക്ഷ പാസായിരുന്നു. ഒരാള്‍ മലപ്പുറത്തെ കെ എം സി ടി ലോ കോളേജിലും മറ്റൊരാള്‍ പൂത്തോട്ടയിലെ ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം നേടിയത്. നിലവില്‍ ഓണ്‍ലൈനായി ക്ലാസില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നതെങ്കിലും പ്രായോഗിക പരിശീലനത്തിനോ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനോ അവരുടെ സാന്നിധ്യം അനിവാര്യമാകുന്ന അവസരത്തില്‍ കേളേജില്‍ നേരിട്ട് പോകാനും കോടതി അനുവദിച്ചു. രണ്ട് ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇരു ജയിലുകളിലേയും സൂപ്രണ്ടുമാരും രണ്ട് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരും ഓണ്‍ലൈനായി ക്ലാസുകളില്‍ പങ്കെടുക്കാനുള്ള ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Latest News