ഗാസ- ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാക്കളല്‍ ഒരാളായ മൂസ അബൂ മര്‍സൂഖ് അവകാശപ്പെട്ടു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് സംഘം ഇസ്രായിലില്‍ സിവിലിയന്മാരെ കൊലപ്പെടുത്തിയെന്ന ചോദ്യം അംഗീകരിക്കാന്‍ മൂസ അബൂ മര്‍സൂഖ് വിസമ്മതിച്ചത്.
സൈന്യത്തില്‍ നിര്‍ബന്ധിച്ച് ചേര്‍ത്തവരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഹമാസിന്റെ ആക്രമണങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തില്‍ 1,400ലധികം പേരെ ഹമാസ് കൊലപ്പെടുത്തിയെന്നും അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇസ്രായില്‍ അവകാശപ്പെടുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തീവ്രവാദ വിരുദ്ധ നിയന്ത്രണങ്ങള്‍ പ്രകാരം യുകെയില്‍ സ്വത്ത് മരവിപ്പിക്കലിന് വിധേയനായ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ ലീഡറാണ് അബൂ മര്‍സൂഖിനെ ഗള്‍ഫില്‍ വെച്ചാണ് ബി.ബി.സി അഭിമുഖം നടത്തിയത്. ഒക്ടോബര്‍ ഏഴിലെ അപ്രതീക്ഷിത ആക്രമണത്തിനുശേഷം ബിബിസിയോട് സംസാരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഹമാസ് അംഗമാണ് അദ്ദേഹം.
ഇസ്രായില്‍ ഗാസയില്‍ ബോംബാക്രമണം തുടരുന്നതിനാലാണ് ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഇസ്രായില്‍ കൂട്ടക്കുരുതി ആരംഭിച്ചതിന് ശേഷം 10,000 ലേറെ പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 'ഞങ്ങള്‍ അവരെ വിട്ടയക്കും. എന്നാല്‍ പോരാട്ടം അവസാനിപ്പിക്കേണ്ടതുണ്ട്- ഹമാസ് നേതാവ് ചോദ്യത്തിനു മറുപടി നല്‍കി. ബന്ദികളാക്കിയ എട്ട് റഷ്യന്‍ ഇസ്രായില്‍ ഇരട്ട പൗരന്മാരെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മൂസ അബൂ മര്‍സൂഖ് അടുത്തിടെ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു.
ബന്ദികളുടെ കൂട്ടത്തില്‍ റഷ്യക്കാരായ രണ്ട് സ്ത്രീകളെ കണ്ടെത്തിയെന്നും എന്നാല്‍ യുദ്ധം കാരണം അവരെ മോചിപ്പിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായില്‍ യുദ്ധം നിര്‍ത്തിയാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കാന്‍ കഴിയൂ. യുദ്ധം അവസാനിപ്പിച്ചാല്‍ അവരെ വിട്ടയച്ച് റെഡ് ക്രോസിന് കൈമാറാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.
ഇസ്രായിലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സ് സൈനിക വിഭാഗത്തിന്റെ തലവന്‍ മുഹമ്മദ് ദൈഫ് സിവിലിയന്മാരെ ഒഴിവാക്കാന്‍ അംഗങ്ങളോട് ഉത്തരവിട്ടിരുന്നുവെന്ന് മൂസ അബൂ മര്‍സൂഖ് അവകാശപ്പെട്ടു.
സ്ത്രീയെ കൊല്ലരുത്, കുട്ടിയെ കൊല്ലരുത്, വൃദ്ധനെ കൊല്ലരുത്' എന്ന് മുഹമ്മദ് ദൈഫ് തന്റെ പോരാളികളോട് വ്യക്തമായി പറഞ്ഞിരുന്നു.
റിസര്‍വ് സൈനികര്‍ ലക്ഷ്യമാക്കപ്പട്ടു എന്ന് അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചു. സ്ത്രീകളും കുട്ടികളും സാധാരണക്കാരും ഒഴിവാക്കപ്പെട്ടു- അദ്ദേഹം പറഞ്ഞു.
ബിബിസി മൂസ അബൂ മര്‍സൂഖിനെ വെല്ലുവിളിക്കാനും പ്രകോപിപ്പിക്കാനു പരമാവധി ശ്രമിച്ചെങ്കിലും വിജയച്ചില്ല. ആക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന് അറിയാമായിരുന്നോ എന്ന ചോദ്യത്തിന് സായുധ വിഭാഗം രാഷ്ട്രീയ നേതൃത്വവുമായി ആലോചിക്കേണ്ടതില്ല, അതിന്റെ ആവശ്യമില്ല എന്നായിരുന്നു അബൂ മര്‍സൂഖിന്റെ മറുപടി.
ഗാസയിലാണ് സൈനിക വിഭാഗമെങ്കില്‍ ഖത്തറിലാണ് രാഷ്ട്രീയ വിഭാഗം.
ഗാസയില്‍ താല്‍ക്കാലിക മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ത്ഥന ഇസ്രായേല്‍ നിരസിച്ചതിന് പിന്നാലെയായിരുന്നു അഭിമുഖം.
താല്‍ക്കാലിക ഉടമ്പടി അംഗീകരിക്കുന്നതിന് മുമ്പ് എല്ലാ ബന്ദികളെ വിട്ടയക്കണമെന്നാണ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.
അതിഥികളില്‍ എല്ലാവരുടേയും ലിസ്റ്റ് ഹമാസിന്റെ പക്കലില്ലെന്നും പലരും എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും അബൂ മര്‍സൂഖ് അവകാശപ്പെട്ടു. വിവിധ വിഭാഗങ്ങളാണ് ഇവരെ പിടികൂടിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
ഇസ്ലാമിക് ജിഹാദ് ഉള്‍പ്പെടെ ഗാസയ്ക്കുള്ളില്‍ നിരവധി ഗ്രൂപ്പുകളുണ്ട്, പ്രത്യക്ഷത്തില്‍ സ്വതന്ത്രമാണെങ്കിലും ഇവ ഹമാസുമായി ചേര്‍ന്നു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിഥികളുടെ
വിവരങ്ങള്‍ സമാഹരിക്കാന്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്ന് അബൂ മര്‍സൂഖ് പറഞ്ഞു. പ്രദേശം ബോംബാക്രമണത്തിലാകുമ്പോള്‍ മറ്റു കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനകളുണ്ടായിരുന്നു.
ഇസ്രായില്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും ബന്ദികളെ സംബന്ധിച്ച ചര്‍ച്ചകളിലും അബൂ മര്‍സൂഖ് പ്രധാന പങ്കുവഹിക്കുമെന്നാണ് കരുതുന്നത്.