അബൂദബി - ദീപാവലി ആഘോഷിക്കാന്‍ യു.എ.ഇയിലെ ചില സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി. എന്നാല്‍ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കാമ്പസില്‍ ആഘോഷങ്ങള്‍ ഉണ്ടാകില്ല.
നവംബര്‍ 10 വെള്ളിയാഴ്ചയും നവംബര്‍ 13 തിങ്കളാഴ്ചയും അവധിയായിരിക്കുമെന്ന് ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂള്‍ മാതാപിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു. 11, 12 തീയതികളില്‍ വാരാന്ത്യ അവധി ആയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. നാല് ദിവസത്തെ ഇടവേള കുടുംബങ്ങള്‍ക്ക് വിപുലമായ ദീപാവലി ആഘോഷത്തിന് സഹായം നല്‍കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലളിത സുരേഷ് പറഞ്ഞു.
'സ്‌കൂളിലെ ആഘോഷം ക്ലാസ് അസംബ്ലികളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംഭാവന നല്‍കി ദീപാവലി ആഘോഷിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും എമിറേറ്റ്‌സ് റെഡ് ക്രസന്റ് കാമ്പെയ്‌നോട് സഹകരിക്കാനും അവര്‍ രക്ഷാകര്‍ത്താക്കളോട് അഭ്യര്‍ഥിച്ചു.
ഗാസയിലെ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാന്‍ യു.എ.ഇ ആരംഭിച്ച 'തറാഹൂം ഫോര്‍ ഗാസ' ദുരിതാശ്വാസ ക്യാമ്പയിനിനെ പരാമര്‍ശിക്കുകയായിരുന്നു അവര്‍. ആയിരക്കണക്കിന് യു.എ.ഇ നിവാസികള്‍ ഈ ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഒരു ദിവസത്തെ ദീപാവലി അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആഘോഷങ്ങളുണ്ടാകില്ല. സണ്‍ഷൈന്‍ സ്‌കൂളും ദീപാവലി അവധി പ്രഖ്യാപിച്ചു.