രശ്മികയുടെ ഡീപ്‌ഫേക്ക് വീഡിയോ; എല്ലാ സോഷ്യല്‍ മീഡിയകള്‍ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂദല്‍ഹി- നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ വിവാദം സൃഷ്ടിച്ചതിനു പിന്നാലെ, ഇത്തരം ഡീപ്‌ഫേക്കുകള്‍ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പിഴകള്‍ എടുത്തുകാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസ് അയച്ചു.
ഡീപ്‌ഫേക്ക് വീഡിയോയുടെ പശ്ചാത്തലത്തില്‍ എല്ലാ പഌറ്റ്‌ഫോമുകള്‍ക്കും നോട്ടീസ് നല്‍കിയതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിന്റെ സെക്്ഷന്‍ 66 ഡി ഉദ്ധരിച്ചുകൊണ്ടാണ് നോട്ടീസ്.കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയുള്ള വഞ്ചനയുടെ ശിക്ഷ കൈകാര്യം ചെയ്യുന്ന വകുപ്പാണിത്.
ആരെങ്കിലും, ഏതെങ്കിലും കമ്മ്യൂണിക്കേഷന്‍ ഉപകരണം മുഖേനയോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ റിസോഴ്‌സ് മുഖേനയോ വ്യക്തിത്വ മാറ്റത്തിലൂടെ തട്ടിപ്പ് നടത്തിയാല്‍ മൂന്ന് വര്‍ഷം വരെ നീട്ടിയേക്കാവുന്ന ജയില്‍ ശിക്ഷയും പിഴയും ലഭിക്കും. പിഴ ഒരു ലക്ഷം രൂപ വരെ നീണ്ടേക്കാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഐടി നിയമങ്ങള്‍ പ്രകാരം പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ എക്‌സ്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയുള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിയമങ്ങളും നിയന്ത്രണങ്ങളും സ്വകാര്യതാ നയവും ഉപയോക്തൃ ഉടമ്പടിയും ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ആള്‍മാറാട്ടം നടത്തിയുള്ള ഉള്ളടക്കം ഹോസ്റ്റ് ചെയ്യരുതെന്ന് ഉപയോക്താക്കളെ അറിയിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.  
ഞായറാഴ്ചയാണ് രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. രശ്മികയുടെ മുഖമുള്ള സ്ത്രീ ഫിറ്റായ വസ്ത്രം ധരിച്ച് ലിഫ്റ്റില്‍ കയറുന്നതാണ് വീഡിയോയ വീഡിയോ തല്‍ക്ഷണം വൈറലായതോടെ വീഡിയോ ഡീപ് ഫേക്കാണെന്ന് വ്യക്തമാക്കി ഏതാനും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയ കമ്പനികള്‍  തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും ഏതെങ്കിലും ഉപയോക്താവോ സര്‍ക്കാരോ റിപ്പോര്‍ട്ട് ചെയ്താല്‍ 36 മണിക്കൂറിനുള്ളില്‍  അത് നീക്കം ചെയ്യുമെന്ന് ഉറപ്പാക്കുമെന്നും നേരത്തെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

 

Latest News