Sorry, you need to enable JavaScript to visit this website.

ഇന്ന് നിങ്ങള്‍ ഒരു ഫലസ്തീനിയെ കൊന്നുവോ... ഹൃദയം പിടക്കുന്ന ചോദ്യത്തിന് മറുപടി നല്‍കണം

ഉല്‍പന്ന ബഹിഷ്‌കരണം ആഹ്വാനം ചെയ്ത് പ്രചാരണം

കുവൈത്ത്-  കുവൈത്തിലെ സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ഫലസ്തീന്‍ പ്രശ്‌നത്തില്‍ തെരുവ് കാമ്പയിന്‍. 'ഇന്ന് നിങ്ങള്‍ ഒരു ഫലസ്തീനിയെ കൊന്നുവോ എന്ന പ്രകോപനപരമായ ചോദ്യമാണ് ബില്‍ബോര്‍ഡുകളില്‍ നിറഞ്ഞത്. സയണിസ്റ്റ് രാഷ്ട്രവുമായി യോജിച്ചു നില്‍ക്കുന്ന അന്താരാഷ്ട്ര ഫ്രാഞ്ചൈസികളെ ബഹിഷ്‌കരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഉല്‍പന്ന ബഹിഷ്‌കരണ കാമ്പയിന്റെ ലക്ഷ്യം.

പരസ്യബോര്‍ഡുകളില്‍ പ്രാധാന്യത്തോടെ ഇത് പ്രദര്‍ശിപ്പിക്കുകയും ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമായി മാറുകയും ചെയ്തു. സയണിസ്റ്റ് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കൂട്ടായ വംശഹത്യക്കും ക്രൂരമായ ആക്രമണത്തിനും ഈ പ്രദേശം വിധേയമാകുന്നത് കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ ബിസിനസ് സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്നാണ് പ്രചാരണം. ഈ പ്രചാരണം ഈ ഫ്രാഞ്ചൈസികളുടെ പ്രാദേശിക ഏജന്റുമാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍  മുനിസിപ്പാലിറ്റി ബില്‍ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.

അതേസമയം, ഈ കാമ്പയിന്‍ കുവൈത്ത് പൗരന്മാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായി. ചിലര്‍ ചോദ്യത്തിലെ പ്രകോപനപരമായ പദപ്രയോഗം ശരിയല്ലെന്ന് പറഞ്ഞു. ഇത് പരുഷവും ആക്രമണാത്മകവുമാണ്. മറ്റുള്ളവര്‍ ഈ കമ്പനികളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെ ന്യായീകരിച്ചു. കാരണമായി ഫലസ്തീനിലെ മോശം സാഹചര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ജീവിച്ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. അത് ധാര്‍മ്മികമായി ശരിയല്ല. എന്നിരുന്നാലും, ഫലസ്തീനിയന്‍ ലക്ഷ്യത്തെ പിന്തുണക്കുകയും അതിനായി യഥാര്‍ത്ഥ നടപടി സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതില്‍ നിരവധി കുവൈത്ത് പൗരന്മാര്‍ അഭിമാനം പ്രകടിപ്പിച്ചു.

ഒക്ടോബര്‍ 7 ന് ഗാസയില്‍ സയണിസ്റ്റ് ആക്രമണം ആരംഭിച്ചതിന് ശേഷം, ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റുകളിലൊന്ന് ഇസ്രായില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സയണിസ്റ്റ് സൈനികര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതും അവര്‍ക്ക് 50 ശതമാനം കിഴിവ് നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നടപടി റസ്‌റ്റോറന്റിന്റെ കൂട്ട ബഹിഷ്‌കരണത്തിലേക്ക് നയിച്ചു. ഇത് ഫ്രാഞ്ചൈസികള്‍ക്ക് കാര്യമായ ദോഷം വരുത്തി. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസികള്‍ അവരുടെ ലാഭം മാതൃകമ്പനിക്ക് സംഭാവന നല്‍കുന്നില്ലെന്ന് വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കി. ഈ ശ്രമങ്ങള്‍ക്കിടയിലും, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ബഹിഷ്‌കരണം തുടരുകയാണ്.

 

 

Latest News