VIDOE രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ഇങ്ങനെ

ന്യൂദല്‍ഹി-സോഷ്യല്‍ മീഡിയയില്‍ വൈറലായ നടി രശ്മിക മന്ദാനയുടെ 'ഡീപ്‌ഫേക്ക്' അശ്ലീല വീഡിയോക്കെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അപകടകരവും ദോഷകരവുമായ ഇത്തരം കാര്യങ്ങളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റല്‍ പൗരന്മാരുടേയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിജിയുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ബാധ്യതയാണെന്ന് 2023 ഏപ്രിലില്‍ വിജ്ഞാപനം ചെയ്ത ഐടി നിയമങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
ഏതെങ്കിലും ഉപയോക്താവ് തെറ്റായ വിവരങ്ങള്‍ പോസ്റ്റുചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക, ഏതെങ്കിലും ഉപയോക്താവോ സര്‍ക്കാരോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 36 മണിക്കൂറിനുള്ളില്‍ തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുന്നുണ്
ന്നെ് ഉറപ്പുവരുത്തുക എന്നത് പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തമാണ്. പ്ലാറ്റ്‌ഫോമുകള്‍ ഇത് പാലിക്കുന്നില്ലെങ്കില്‍, റൂള്‍ 7 ബാധകമാകും, കൂടാതെ ഐ.പി.സിയിലെ വകുപ്പുകള്‍ പ്രകാരം പീഡിത വ്യക്തിക്ക് പ്ലാറ്റ്‌ഫോമുകളെ കോടതിയില്‍ എത്തിക്കാം. അപകടകരവും ദോഷകരവുമായ തെറ്റായ വിവരങ്ങളുടെ ഏറ്റവും പുതിയ രൂപമാണ് ഡീപ്‌ഫേക്കുകള്‍. ഇത്  പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.'
നടിയുടെ വീഡിയോ ഷെയര്‍ ചെയ്ത അഭിഷേക് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് നടക്കുന്ന ആഴത്തിലുള്ള വ്യാജ സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് അടിയന്തിരമായി ആവശ്യമാണെന്ന് നടിയുടെ യഥാര്‍ത്ഥ വീഡിയോ കൂടി പങ്കിട്ടുകൊണ്ട് അഭിഷേക് കുമാര്‍ പറഞ്ഞു.  ഒക്ടോബര്‍ 9 ന് അപ്‌ലോഡ് ചെയ്ത വീഡിയോ സാറ പട്ടേലിന്റേതാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ 415 കെ ഫോളോവേഴ്‌സുള്ള ഒരു ബ്രിട്ടീഷ്ഇന്ത്യന്‍ പെണ്‍കുട്ടിയാണ് സാറ പട്ടേലെന്നും അദ്ദേഹം പറഞ്ഞു.

'ഗുഡ് ബൈ'യില്‍ മന്ദാനയുടെ അച്ഛനായി അഭിനയിച്ച സൂപ്പര്‍താരം അമിതാഭ് ബച്ചനും താരത്തെ പിന്തുണച്ച് നിയമനടപടിക്ക് ആഹ്വാനം ചെയ്തു. അതെ ഇത് നിയമപരമായി ശക്തമായ കേസാണെന്ന് അഭിഷേകിന്റെ പോസ്റ്റിന് മറുപടിയായി ബച്ചന്‍ കുറിച്ചു. 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന വീഡിയോകളാണ് 'ഡീപ്‌ഫേക്ക്'. യഥാര്‍ത്ഥമെന്ന് തോന്നുമെങ്കിലും ഒരിക്കലും സംഭവിക്കാത്ത സംഭവങ്ങളോ സംസാരമോ ചിത്രീകരിക്കുന്നതാണ് ഇവ. വ്യക്തിയെ മറ്റാരെയെങ്കിലും പോലെ കാണിക്കാന്‍ ശരീരമോ മുഖമോ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നതാണ് ഡീപ്പ് ഫേക്ക്.

 

Latest News