പല തവണ താക്കീത് നല്‍കിയിട്ടും ഫലമില്ല; ഒടുവില്‍ അച്ഛനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

റായ്ച്ചൂര്‍-കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കുന്ന അച്ഛനെ മകന്‍ കൊലപ്പെടുത്തി. ദേവരഭൂപുര ഗ്രാമാത്തില്‍  താമസിക്കുന്ന ശീലാവന്ത (32) ആണ് 55 കാരനായ അച്ഛന്‍ ബണ്ടി തിമ്മണ്ണയെ കൊലപ്പെടുത്തിയത്.
ശീലവന്ത പിതാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് പ്രതിയുടെ  അറസ്റ്റ് രേഖപ്പെടുത്തി.
മരിച്ച തിമണ്ണയും ഭാര്യയും മകന്‍ ശീലാവന്തയുടെ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്. ബണ്ടി തിമ്മണ്ണ  ഭാര്യയെ എല്ലായ്‌പ്പോഴും ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശീലാവന്ത പലതവണ താക്കീത് ചെയ്തിട്ടും അച്ഛന്‍ അമ്മയെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നു.
അച്ഛനും മകനും തമ്മില്‍ ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.  പ്രകോപിതനായ പ്രതി ആദ്യം തന്റെ ഇളയ മകനോട് മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു, തുടര്‍ന്ന് ഒരു വലിയ കല്ല് എടുത്ത് പിതാവിന്റെ തല തകര്‍ക്കുകയായിരുന്നു. തടയാനുള്ള ഭാര്യയുടെ ശ്രമം പരാജയപ്പെട്ടു.
ഭര്‍ത്താവ് തന്നെ ദിവസവും പീഡിപ്പിക്കാറുണ്ടെന്നും അമ്മയെ പീഡിപ്പിക്കുന്നതിലുള്ള ദേഷ്യത്തിലാണ് മകന്‍ ഇത് ചെയ്തതെന്നും പ്രതിയുടെ അമ്മ പോലീസിനോട് പറഞ്ഞു. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

 

Latest News