ഗോ ഔട്ട്.... റാമല്ലയില്‍ ബ്ലിങ്കനെതിരെ പ്രതിഷേധ പ്രകടനം

റാമല്ല- യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ പ്രതിഷേധത്തിനിടയാക്കി. നിരവധി ഫലസ്തീനികളാണ് റാമല്ലയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഗാസയുടെ കാര്യത്തില്‍ ഫലസ്തീന്‍ അതോറിറ്റി  പ്രധാന പങ്ക് വഹിക്കണമെന്നായിരുന്നു ബ്ലിങ്കന്റെ നിര്‍ദേശം. എന്നാല്‍ ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ഫലസ്തീന്‍ അതോറിറ്റിക്ക് ഗാസ മുനമ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനാകൂവെന്ന് പ്രസിഡന്റ് അബ്ബാസ് പറഞ്ഞു.
കിഴക്കന്‍ ജറുസലമും ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ഉള്‍പ്പെടുന്ന സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഞങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കും- മഹ്മൂദ് അബ്ബാസ് ബ്ലിങ്കനോട് പറഞ്ഞു. ഗാസക്ക് മാനുഷിക സഹായം നല്‍കാനുള്ള യു.എസിന്റെ പ്രതിജ്ഞാബദ്ധതയും ഉപരോധിത ഗാസയില്‍ അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കുന്നതും ബ്ലിങ്കന്‍ എടുത്തുപറഞ്ഞു. ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയിറക്കരുതെന്നു ബ്ലിങ്കന്‍ വ്യക്തമാക്കിയതായും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ വാഷിംഗ്ടണ്‍ പ്രതിജ്ഞാബദ്ധമാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വെടിനിര്‍ത്തല്‍ ഇല്ലെന്നും ഗാസയില്‍ ശക്തമായ ആക്രമണങ്ങള്‍ തുടരുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് വ്യക്തമാക്കിയതിനിടെ ഇന്നലെ രണ്ട് അഭയാര്‍ഥി ക്യാമ്പുകള്‍കൂടി ആക്രമിക്കപ്പെട്ടു.  മഗാസി, ജബാലിയ ക്യാമ്പുകളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 50 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിലെ നിരവധി വീടുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇരുപതോളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ അഭയാര്‍ഥി ക്യാമ്പാണിത്.

 

Latest News