ഗാസ- ഗാസയില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ഇസ്രായിലി സൈനികരുടെ എണ്ണം 346 ആയി ഉയര്‍ന്നു, ഇതില്‍ 32 പേര്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതിന് ശേഷമാണ് കൊല്ലപ്പെട്ടത്. ഗാസ മുനമ്പിന്റെ വടക്കുഭാഗത്ത് യുദ്ധം ചെയ്യുന്നതിനിടെ 20 കാരനായ യെഹോനാഥന്‍ മൈമോന്‍ ശനിയാഴ്ച കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഗൈഡഡ് മിസൈലുകള്‍ ഉപയോഗിച്ച് അതിര്‍ത്തിക്കപ്പുറത്തുള്ള ഇസ്രായില്‍ സൈനിക വാഹനത്തെ ലക്ഷ്യം വച്ചതായും അതിലുണ്ടായിരുന്നവരെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഹിസ്ബുള്ള പറഞ്ഞു.
വടക്കന്‍ ഇസ്രായേലിലെ യിഫ്തയില്‍ ലെബനനില്‍നിന്ന് ടാങ്ക് വേധ മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായും അതിര്‍ത്തിയിലെ ഇസ്രായിലി ഉപകരണങ്ങള്‍ നശിപ്പിച്ചതായും ലെബനനില്‍നിന്ന് പറന്ന ഒരു ഡ്രോണ്‍ അയണ്‍ ഡോം പ്രതിരോധ സംവിധാനം തടഞ്ഞതായും ഇസ്രായില്‍ സൈന്യം പറഞ്ഞു. ഫലസ്തീന് പിന്തുണ നല്‍കുന്ന ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടല്‍ ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചേക്കാമെന്ന ഭയം സൃഷ്ടിച്ചിട്ടുണ്ട്.