തങ്ങളുടെത് പ്രണയവിവാഹം അല്ലെന്ന് വ്യക്തമാക്കി അഭിനേതാക്കളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. എന്നാല്‍ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കള്‍ ആയി. സുഹൃദ്ബന്ധം വിവാഹത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന് സംശയം ഉണ്ടായപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു. പക്ഷേ ഒടുവില്‍ വിവാഹിതരാകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. ജി.പിയുടെ യു ട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തല്‍.
ചേട്ടന്റെ അച്ഛന്റെ അനിയത്തിയും എന്റെ വല്യമ്മയും 15 വര്‍ഷത്തോളമായി കൂട്ടുകാരാണ്. അവരാണ് യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു വിവാഹാലോചന തുടങ്ങിവച്ചത് എന്നാണ് ഗോപിക പറയുന്നത്. 'മേമ എന്നോട് , ഗോപികയെപ്പറ്റി പറഞ്ഞ ശേഷം പോയി കാണണം, പരിചയപ്പെടണം എന്നെല്ലാം പറഞ്ഞു. എന്നാല്‍ ഞാന്‍ അതിനത്ര പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ എന്നെ വെറുതെ വിടാനുള്ള ഉദ്ദേശം മേമക്കുണ്ടായിരുന്നില്ല. ഒന്നരമാസത്തോളം ഞാന്‍ ഉഴപ്പി. എന്നാല്‍ മേമ വീണ്ടും നിര്‍ബന്ധിച്ചതോടെ ഗോപികയെ വിളിക്കുകയായിരുന്നു -ജിപി പറഞ്ഞു.

ചെന്നൈയില്‍ വച്ചാണ് ഗോപികയെ ആദ്യമായി കണ്ടതെന്ന് ജി.പി സൂചിപ്പിച്ചു. 'ഒരു നിയോഗം പോലെ കാപാലീശ്വര ക്ഷേത്രത്തില്‍ വച്ച് ആണ് ആദ്യമായി ജി.പി ഗോപികയെ കാണുന്നത്. ഗോപികയുടെ കൂടെ മിട്ടുവും സുഹൃത്തുക്കളും ഉണ്ടായിരുന്നു. അഞ്ചു മണിക്കൂറോളം മനസ്സ് തുറന്ന് തന്നെപ്പറ്റി ഗോപിക സംസാരിച്ചപ്പോള്‍ എനിക്കും താല്പര്യം തോന്നി തുടങ്ങി. കൊച്ചിയില്‍നിന്നും കോഴിക്കോട്ടേക്കുള്ള കാര്‍ യാത്രയില്‍ വെച്ചാണ് ഞാന്‍ ഗോപികയോട് മനസ്സ് തുറന്ന് സംസാരിക്കുന്നത്.'
'ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ എന്ന ആശങ്ക ഗോപികക്കുണ്ടായപ്പോള്‍, ആ ആശങ്ക ജി.പിയിലും ഉണ്ടായി. അതോടെ പിരിയാം എന്ന് തീരുമാനിച്ചു. രണ്ടുപേരും ഒരേ മനസ്സോടെയാണ് വിവാഹം എന്ന തീരുമാനം എടുക്കേണ്ടത് എന്ന് നിര്‍ബന്ധമായിരുന്നു. അപ്പോഴേക്കും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഒടുവില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വീട്ടുകാരെ വിവാഹത്തിന് സമ്മതം അറിയിക്കുന്നതും വിവാഹനിശ്ചയം നടത്തുന്നതും- ജിപി വ്യക്തമാക്കി.






