ഓണ്‍ലൈന്‍ തട്ടിപ്പ്: ദുബയ് അധികൃതര്‍ പൂട്ടിച്ചത് 4879 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

ദുബയ്- ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് അധികൃതര്‍ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായി ഈ വര്‍ഷം ആദ്യ പകുതിയില്‍ 4879 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പുട്ടിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഈ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സായി ഉണ്ടായിരുന്നത്.  തട്ടിപ്പുക്കാര്‍ ഉപയോഗിച്ചു വന്ന 30 വെബ്‌സൈറ്റുകളും പൂട്ടിച്ചിട്ടുണ്ട്. വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഓണ്‍ലൈന്‍ വഴി പൊടിപൊടിക്കുന്നതായുളള റിപോര്‍ട്ടുകളെ തുടര്‍ന്ന് ദുബയ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണൊമിക് ഡെവലപ്‌മെന്റ് ആണു ഇതു തടയാനുളള നടപടികള്‍ സ്വീകരിച്ചു വരുന്നത്. 

മുന്‍ നിര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുന്നതിനെതിരെ യുഎഇ അധികൃതര്‍ നടപടി ശക്തമാക്കിയിരുന്നു. പലയിടത്തു നിന്നും റെയ്ഡുകളിലൂടെ ഇത്തരം ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വ്യാജ പതിപ്പുകള്‍ വന്‍തോതില്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. ഇതോടെ ഷോപ്പുകള്‍ വഴിയുള്ള ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എളുപ്പമല്ലാതായി. തുടര്‍ന്നാണ് വ്യാജന്‍മാര്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന സജീവമാക്കിയത്. വാച്ചുകള്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍, സുന്ധ ദ്രവ്യങ്ങള്‍, ബാഗുകള്‍, ഷൂ തുടങ്ങി നിരവധി വ്യാജ ഉല്‍പ്പന്നങ്ങളാണ് മുന്‍ നിര ബ്രാന്‍ഡുകളുടെ പേരില്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചിരുന്നത്. 

യുഎഇയില്‍ നടപടി ശക്തമാക്കിയതോടെ തട്ടിപ്പുകാര്‍ മറ്റു രാജ്യങ്ങളിലിരുന്നാണ് ഓണ്‍ലൈന്‍ വഴി ഇവ വിറ്റഴിക്കുന്നത്. ഇവരെ പിടികൂടുക എളുപ്പമല്ലാത്തിതാല്‍ ഇവര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവ കണ്ടെത്തി പൂട്ടിക്കുകയാണ് അധികൃതര്‍ ചെയ്തത്. ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ 600545555 എന്ന നമ്പറും @dubai consumers എന്ന ട്വിറ്റര്‍ ഹാന്‍ഡിലും ഉപയോഗിക്കാമെന്നും ദുബയ് ഇക്കണൊമിക് ഡെവലപ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ബെഹ്‌സാദ് അറിയിച്ചു.
 

Latest News