മരണത്തില്‍ ദൂരൂഹതയെന്ന് ആരോപണം, കോടതി നിര്‍ദ്ദേശ പ്രകാരം കല്ലറ തുറന്ന് മൃതദേഹം പരിശോധിച്ചു

തിരുവനന്തപുരം - നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് തിരുവനന്തപുരം കാരോട് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. മൈലച്ചല്‍ സ്വദേശി തോമസിന്റെ മൃതദേഹം അടക്കിയ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. തോമസിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദൂരൂഹതയാരോപിച്ചതോടെയാണ് നടപടി.  കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 5ന് രാത്രിയാണ് വിതുരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നിലയില്‍ തോമസിനെ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെതോമസ് മരിച്ചു. അപകടമരണമെന്ന നിലയിലായിരുന്നു വിതുര പോലീസ് കേസ് അവസാനിപ്പിച്ചത്. പോലീസ് കേസ് അവസാനിപ്പിച്ചതിന് പിന്നാലെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. കോടതി നിര്‍ദ്ദേശപ്രകാരമാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്.

 

Latest News