ലോകത്തെ ഏറ്റവും നീളമേറിയ  നടപ്പാതകൾ മക്കയിൽ

പുണ്യസ്ഥലങ്ങളിലെ നടപ്പാതകൾ

മക്ക - ലോകത്തെ ഏറ്റവും നീളമേറിയ നടപ്പാതകളുള്ളത് മക്കയിലെ പുണ്യസ്ഥലങ്ങളിൽ. ലോക രാജ്യങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് സൗദി ഗവൺമെന്റ് പുണ്യസ്ഥലങ്ങളിൽ നടപ്പാക്കിയ പ്രധാന പദ്ധതികളിൽ ഒന്നാണിത്. അറഫയിൽ ജബലുറഹ്മയിൽ നിന്ന് മുസ്ദലിഫ വഴി മിനായിലേക്കാണ് അത്യാധുനിക എൻജിനീയറിംഗ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർലോക് പാകിയ നടപ്പാതകൾ നിർമിച്ചിരിക്കുന്നത്. യാത്രക്കിടെ തീർഥാടകർക്ക് ക്ഷീണമകറ്റുന്നതിന് പാതകളുടെ ഇരുവശവും കസേരകൾ സ്ഥാപിച്ചിട്ടുണ്ട്. കടുത്ത വെയിലിൽ നിന്ന് ഹാജിമാർക്ക് സംരക്ഷണം നൽകുന്നതിന് നടപ്പാതയിൽ പലസ്ഥലത്തും തണൽ കുടകൾ സ്ഥാപിച്ചിട്ടുമുണ്ട്. തീർഥാടകർക്ക് കുളിർമയേകുന്നതിനും ചൂടകറ്റുന്നതിനും ശീതീകരിച്ച വെള്ളം സ്‌പ്രേ ചെയ്യുന്ന നിരവധി തൂണുകളും നടപ്പാതകളിലുണ്ട്. നടപ്പാതകളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിന് പന്ത് രൂപത്തിലുള്ള കോൺക്രീറ്റ് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. 
പുണ്യസ്ഥലങ്ങളുടെ പവിത്രതക്കും വിശുദ്ധിക്കും അനുയോജ്യമായ നിരവധി ശിൽപങ്ങളും രൂപകൽപ ചെയ്ത് പാതകളുടെ ഇരുവശങ്ങളിലും നിർമിച്ചിട്ടുണ്ട്. രാത്രി പകലാക്കി മാറ്റുന്നതിന് നടപ്പാതകളിൽ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ആകെ 25 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള നാലു നടപ്പാതകളാണ് പുണ്യസ്ഥലങ്ങളിൽ നിർമിച്ചിരിക്കുന്നത്. ഇതിൽ ഒന്നാമത്തെതിന് 5,100 മീറ്ററും രണ്ടാമത്തെതിന് 7,580 മീറ്ററും മൂന്നാമത്തെതിന് 7,556 മീറ്ററും നാലാമത്തെതിന് 4,620 മീറ്ററും നീളമുണ്ട്. തീർഥാടകരുടെ വിശ്രമത്തിന് ആയിരം കസേരകളും 500 കോൺക്രീറ്റ് ബാരിക്കേഡുകളുമുള്ള നടപ്പാതകളിൽ ആകെ അഞ്ചു ലക്ഷത്തിലേറെ ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ഇന്റർലോക് പാകിയിട്ടുണ്ട്. തീർഥാടകർക്ക് മാർഗ നിർദേശങ്ങൾ നൽകുന്ന 57 സൈൻ ബോർഡുകളും 400 ലേറെ തെരുവുവിളക്കു കാലുകളും 810 എൽ.ഇ.ഡി ലൈറ്റുകളും 30 മീറ്റർ ഉയരമുള്ള 25 സ്ട്രീറ്റ് ലൈറ്റ് ടവറുകളും 100 വാട്ട് ശേഷിയുള്ള 100 തെരുവുവിളക്കുകളും പാതകളിലുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് 400 ലേറെ കുട്ടകളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. 
 

Latest News