ചെന്നൈ- ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് രാഷ്ട്രീയത്തെ നിയന്ത്രിച്ച കലൈഞ്ജർ എം. കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലത്തിന് മറീന ബീച്ചിൽ സ്ഥലം അനുവദിക്കണോ എന്ന കാര്യത്തിൽ മദ്രാസ് ഹൈക്കോടതി നാളെ രാവിലെ എട്ടിന് വിധി പറയും. മറീന ബീച്ചിൽ മറവു ചെയ്യണമെന്ന ഡി.എം.കെയുടെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നില്ല. ഡി.എം.കെ സ്ഥാപകൻ സി.എൻ അണ്ണാദുരൈയുടെ സ്മൃതിമണ്ഡപത്തിന് സമീപം കരുണാനിധിക്കും അന്ത്യവിശ്രമസ്ഥലം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിൽ എ.ഐ.എ.ഡി.എം.കെ സർക്കാർ ഉറച്ചുനിന്നതോടെ ഡി.എം.കെ കോടതിയെ സമീപിച്ചു. ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം സ്ഥലം അനുവദിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഡി.എം.കെ വഴങ്ങിയില്ല. കരുണാനിധിയുടെ മക്കളും ഡി.എം.കെ നേതാക്കളുമായ എം.കെ സ്റ്റാലിൻ, അഴഗിരി, കനിമൊഴി എന്നിവർ മുഖ്യമന്ത്രി ഇ.പളനിസ്വാമിയെ നേരിട്ട് സമീപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മറീന ബീച്ചിൽ സംസ്‌കാരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹുലുവാഡി ജി. രമേശാണ് രാത്രി തന്നെ വാദം കേൾക്കണമെന്ന ഡി.എം.കെയുടെ ആവശ്യം അംഗീകരിച്ചത്. ആർ.എസ്.എസാണ് കരുണാനിധിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതെന്ന് ഡി.എം.കെ ആരോപിച്ചു. വാദം രാവിലെ എട്ടുമണിയിലേക്ക് ഹൈക്കോടതി മാറ്റി. സംസ്ഥാന സർക്കാറിന്റെ ആവശ്യപ്രകാരമാണ് വാദം രാവിലത്തേക്ക് മാറ്റിയത്. കരുണാനിധിയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അനാദരവിനെതിരെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽനിന്നുയർന്നത്. മറീന ബീച്ചിൽ അന്ത്യവിശ്രമം ഒരുക്കണമെന്ന് രാഹുൽ ഗാന്ധി, രജനീകാന്ത് എന്നിവർ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡി.എം.കെ പ്രവർത്തകർ അക്രമാസക്തരായി. ചിലയിടങ്ങളിൽ ആത്മാഹുതിശ്രമവും നടന്നു.






