പത്തു മാസത്തിനിടെ രണ്ടു ലക്ഷത്തിലേറെ പേർക്ക് സേവനം നൽകി ഏദൻ ആശുപത്രി

സൗദി ധനസഹായത്തോടെ പ്രവർത്തിപ്പിക്കുന്ന ഏദൻ ജനറൽ ഹോസ്പിറ്റൽ ആന്റ് ഹാർട്ട് സെന്റർ.

ജിദ്ദ - യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാമിന്റെ പൂർണ ധനസഹായത്തോടെ പ്രവർത്തിപ്പിക്കുന്ന ഏദൻ ജനറൽ ഹോസ്പിറ്റൽ ആന്റ് ഹാർട്ട് സെന്ററിന്റെ സേവനം പത്തു മാസത്തിനിടെ രണ്ടു ലക്ഷത്തിലേറെ രോഗികൾക്ക് പ്രയോജനപ്പെട്ടു. 
കഴിഞ്ഞ വർഷം ഡിസംബറിലാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ഡിസംബർ മുതൽ ഇക്കഴിഞ്ഞ സെപ്റ്റംബർ അവസാനം വരെയുള്ള കാലത്ത് ആശുപത്രിയിൽ 4,802 ഓപ്പറേഷനുകൾ നടത്തി. ജനറൽ ആശുപത്രിയിൽ 3,077 ഉം ഹാർട്ട് സെന്ററിൽ 1,725 ഉം ശസ്ത്രക്രിയകളാണ് നടത്തിയത്. ഹാർട്ട് സെന്ററിൽ നടത്തിയ ഓപ്പറേഷനുകളിൽ 1,534 എണ്ണം ആഞ്ചിയോപ്ലാസ്റ്റിയും 191 എണ്ണം ഓപ്പൺ ഹാർട്ട് സർജറികളുമായിരുന്നു. 
ഏറ്റവും മികച്ച ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയുമാണ് ഏദൻ ജനറൽ ഹോസ്പിറ്റൽ ആന്റ് ഹാർട്ട് സെന്ററിൽ നിയമിച്ചിരിക്കുന്നത്. ജനറൽ ആശുപത്രിയിൽ 14 ക്ലിനിക്കുകളാണുള്ളത്. ആശുപത്രി ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്താനും യെമനിൽ ആരോഗ്യ മേഖലയുടെ നിലവാരവും പ്രകടനവും മെച്ചപ്പെടുത്താനും ഏദനിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ സേവന ഗുണനിവാരം ഉയർത്താനും ഏദൻ ജനറൽ ഹോസ്പിറ്റൽ ആന്റ് ഹാർട്ട് സെന്റർ പ്രവർത്തിപ്പിക്കുന്നതിലൂടെ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം ലക്ഷ്യമിടുന്നു. ഏദൻ ജനറൽ ഹോസ്പിറ്റൽ ആന്റ് ഹാർട്ട് സെന്റർ കെട്ടിടങ്ങൾ നിർമിച്ചതും ആശുപത്രി സജ്ജീകരിച്ചതും സൗദി ധനസഹായത്തോടെയാണ്. ഇതിനു ശേഷം ആശുപത്രി പ്രവർത്തിപ്പിക്കുന്നതിന്റെ ചുമതലയും സൗദി അറേബ്യ വഹിക്കുകയായിരുന്നു. 
പത്തു മാസത്തിനിടെ ഏദൻ ജനറൽ ആശുപത്രിയിൽ 747 ജനറൽ സർജറികളും 613 നേത്രശസ്ത്രക്രിയകളും 553 പ്രസവശസ്ത്രക്രിയകളും 381 മൂത്രാശയ ശസ്ത്രക്രിയകളും 358 അസ്ഥി ഓപ്പറേഷനുകളും 241 ഇ.എൻ.ടി ഓപ്പറേഷനുകളും 184 കുടൽ ഓപ്പറേഷനുകളും നടത്തി. 20,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ജനറൽ ആശുപത്രിയിൽ 270 കിടക്കകളുണ്ട്. 2,187 മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നു. ആരോഗ്യ മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ട് യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം യെമനിൽ നടപ്പാക്കിയ 34 ആരോഗ്യ പദ്ധതികളിൽ ഒന്നാണ് ഏദൻ ജനറൽ ഹോസ്പിറ്റൽ ആന്റ് ഹാർട്ട് സെന്റർ. 
വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഊർജം, ഗതാഗതം, കൃഷി-മത്സ്യസമ്പത്ത്, സർക്കാർ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കൽ, വികസന പദ്ധതികൾ എന്നീ എട്ടു അടിസ്ഥാന സുപ്രധാന മേഖലകളിൽ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം യെമനിലെ വിവിധ പ്രവിശ്യകളിൽ 229 വികസന പദ്ധതികൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.

Tags

Latest News