Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്തെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നിർത്തണം; ആര്യാടൻ ഷൗക്കത്തിന് മുന്നറിയിപ്പുമായി കെ.പി.സി.സി

മലപ്പുറം / തിരുവനന്തപുരം - കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായ മലപ്പുറത്ത് യശ്ശശരീരനായ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനും കെ.പി.സി.സി ജനറൽസെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിന് മുന്നറിയിപ്പുമായി കെ.പി.സി.സി നേതൃത്വം. നാളെ മലപ്പുറത്ത് നടത്തുമെന്ന് പ്രഖ്യാപിച്ച സമാന്തര ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തരുതെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. 
 മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഡി.സി.സിയുടെ നേതൃത്വത്തിൽ ഒക്ടോബർ 30ന് നടത്തിയതാണെന്നും ആര്യാടൻ ഷൗക്കത്ത് പാർട്ടിയെ വെല്ലുവിളിക്കുകയാണെന്നുമാണ് കെ.പി.സി.സിയുടെ വാദം. പാർട്ടി തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ വിഭാഗിയത അനുവദിക്കില്ലെന്നും കെ.പി.സി.സി മുന്നറിയിപ്പ് നൽകുന്നു. സമാന്തര പരിപാടിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പ് തർക്കം രൂക്ഷമാണ് മലപ്പുറത്ത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയിയും മുൻ മന്ത്രിയും വണ്ടൂർ എം.എൽ.എയുമായ എ.പി അനിൽകുമാറും എ ഗ്രൂപ്പിനെ അവഗണിച്ച് വിഭാഗീയമായാണ് പ്രവർത്തനം മുന്നോട്ടു നീക്കുന്നതെന്നും ഈ പോക്കിൽ തങ്ങൾക്ക് കടുത്ത അസംതൃപ്തിയുണ്ടെന്നുമാണ് ആര്യാടൻ ഷൗക്കത്തിനെ പിന്തുണക്കുന്നവരുടെ വാദം. തർക്കം പരിഹരിക്കാത്തതിനെ തുടർന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കാനുള്ള പുനസംഘടനാ ഉപസമിതിയിൽനിന്ന് ഈയിടെ ആര്യാടൻ ഷൗക്കത്ത് രാജിവെച്ചിരുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ഇവർ ബഹിഷ്‌കരിച്ചിരുന്നു.
 എന്നാൽ, നാളത്തെ പരിപാടിയിൽ മാറ്റങ്ങളൊന്നും ഇല്ലെന്ന നിലപാടിലാണ് ആര്യാടൻ ഷൗക്കത്തും അദ്ദേഹത്തെ പിന്തുണക്കുന്നവരുമുള്ളത്. കെ.പി.സി.സിയിൽനിന്ന് തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ മറുപടി നല്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. അതിനിടെ, ആര്യാടൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള വെള്ളിയാഴ്ചത്തെ യുദ്ധവിരുദ്ധ മഹാസദസ്സും ഫലസ്തീൻ ഐക്യദാർഢ്യ റാലിയും കോൺഗ്രസിലെ വിഭാഗീയ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഫലസ്തീൻ ഐക്യദാർഢ്യം മാത്രമാണ് പരിപാടിയുടെ ലക്ഷ്യമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഫലസ്തീനോട് ഐക്യപ്പെടുന്നത് തന്നെയാണ് കോൺഗ്രസിന്റേയും നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 മലപ്പുറത്ത് കോൺഗ്രസിൽ ഈയിടെ വിഭാഗീയമായി മൂന്ന് രഹസ്യ യോഗങ്ങൾ ചേർന്നതായാണ് വിവരം. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ നിറഞ്ഞ പിന്തുണയാണ് ഡി.സി.സി നേതൃത്വത്തിനുള്ളത്. എന്നാൽ എ ഗ്രൂപ്പിന്റെ പരാതിക്ക് കാര്യമായ പരിഹാരമുണ്ടാക്കാൻ നേതൃത്വത്തിന് സാധിക്കാതെ വരുന്നത് പാർട്ടിയിൽ വീണ്ടും കനലായി എരിഞ്ഞുകൊണ്ടിരിക്കുകയാണ്. നേതൃത്വം ഏകപക്ഷീയമായ നടപടികളിലേക്ക് പോയാൽ കോൺഗ്രസിനും മുന്നണിക്കുമത് കൂടുതൽ പരുക്കുകളുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോൺഗ്രസിലെ അഭിപ്രായ ഭിന്നതകൾ തെരുവിലേക്ക് നീങ്ങുന്നതിൽ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. പൊട്ടലും ചീറ്റലുമില്ലാതെ കോൺഗ്രസ് കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ടു നീങ്ങേണ്ട സാഹചര്യമാണെന്നും കാര്യങ്ങൾ കൈവിട്ടുപോയാൽ മുന്നണിക്കത് ക്ഷീണമാകുമെന്നും അവർ ഓർമിപ്പിക്കുന്നു.

Latest News