ബംഗളൂരു- സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. കൃത്യമായ ഉത്തരം നൽകാതെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒഴിഞ്ഞുമാറിയതിന് പിന്നാലെ ജനതാദൾ നേതാവ് ദേവഗൗഡ നടത്തിയ അഭിപ്രായ പ്രകടനം കോൺഗ്രസിന് അലോസരമായിരുന്നു. തുടർന്ന് വിശദീകരണവുമായി ഗൗഡ രംഗത്തെത്തി.
രാഹുൽ ഗാന്ധി മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിൽ തനിക്ക് അഭിപ്രായ വ്യത്യാസമൊന്നും ഇല്ലെന്ന് ദേവഗൗഡ വിശദീകരിച്ചു. എന്തുകൊണ്ടാണു പുരുഷന്മാർ എപ്പോഴും പ്രധാനമന്ത്രി ആകുന്നതെന്നും മമതാ ബാനർജിക്കോ മായാവതിക്കോ എന്തുകൊണ്ട് ഈ സ്ഥാനം അലങ്കരിച്ചു കൂടെന്നുമുള്ള ദേവഗൗഡയുടെ പരാമർശമാണ് പ്രശ്നമായത്. ഇതിനെ തുടർന്നാണു വിശദീകരണം.
രാഹുൽ ഗാന്ധിയെയും പിന്നീട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി എന്നിവരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം പിന്തുണച്ചതു കോൺഗ്രസ് തന്നെയാണെന്നു ദേവഗൗഡ വ്യക്തമാക്കി. ഇവരിലാരു പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിലും തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം മുന്നണി രൂപീകരണത്തിന്റെ മുൻനിരയിലുള്ള മുൻപ്രധാനമന്ത്രി കൂടിയായ ദേവഗൗഡയുടെ പരാമർശം പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള രാഹുലിന്റെ അവസരത്തിന് തടയിടുമോ എന്ന ആശങ്കയാണ് കോൺഗ്രസ് അണികൾ പങ്കുവച്ചത്.