സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് സമീപ ഭാവിയിൽതന്നെ ഡേറ്റിംഗ് ആപ്പായി മാറുമെന്ന സൂചന നൽകി ശതകോടീശ്വരൻ എലോൺ മസ്ക്. ട്വിറ്റർ എക്സ് പ്ലാറ്റ്ഫോമായി മാറിയതിനുശേഷം എക്സിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. എക്സിനെ എങ്ങനെ എല്ലാത്തിനുമുള്ള ആപ്പാക്കി മാറ്റാമെന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ച. നിലവിൽ ആപ്പിൽ ദൈർഘ്യമേറിയ ട്വീറ്റുകളും വീഡിയോകളും പങ്കിടാനുള്ള ഓപ്ഷനുണ്ട്. വീഡിയോ കോളിംഗ്, വോയ്സ് കോളിംഗ്, പേയ്മെന്റുകൾ, ജോലി തിരയൽ തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ ഉടൻ വരും. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ഡേറ്റിംഗിന് ഉപയോക്താക്കളെ അനുവദിക്കാനും മസ്ക് പദ്ധതിയിടുന്നതായാണ് സൂചന. എക്സിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ ആളുകളെ അനുവദിക്കണമെന്നാണ് മസ്ക് വീണ്ടും വീണ്ടും പറയുന്നത് കണക്കിലെടുക്കുമ്പോൾ ഡേറ്റിംഗ് ആപ്പാകുമെന്ന പ്രഖ്യാപനം ഞെട്ടിക്കുന്ന കാര്യമല്ലെങ്കിലും അത്ഭുതത്തോടെയാണ് സാങ്കേതിക ലോകം കാണുന്നത്.
എക്സ് ഡേറ്റിംഗിലേക്കാണെന്ന് ഒരു ആഭ്യന്തര മീറ്റിംഗിൽ മസ്ക് സ്ഥിരീകരിച്ചതായി ദ വെർജ് റിപ്പോർട്ട് ചെയ്യുന്നു. കാര്യങ്ങൾ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഡേറ്റിംഗ് സാഹചര്യം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലോൺ മസ്കും എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോയും കഴിഞ്ഞയാഴ്ച എക്സ് ജീവനക്കാരുമായി സംയുക്ത മീറ്റിംഗ് നടത്തിയതായി ദി വെർജ് റിപ്പോർട്ടിൽ പറയുന്നു. ലിങ്ക്ഡ്ഇൻ, യൂട്യൂബ്, ഫേസ്ടൈം, ഡേറ്റിംഗ് ആപ്പുകൾ എന്നിവയുമായി എക്സ് എങ്ങനെ മത്സരിക്കണമെന്നാണ് കൂടിക്കാഴ്ചയിൽ മസ്ക് വിവരിച്ചത്.
എക്സ് പ്ലാറ്റ്ഫോമിൽ മറ്റെന്തിനേക്കാളും മുമ്പ് ആരെങ്കിലും പോസ്റ്റ് ചെയ്ത കാര്യങ്ങൾക്കാണ് ഞാൻ ഊന്നൽ നൽകുന്നതെന്ന് പ്ലാറ്റ്ഫോമിൽ ആളുകൾ എന്ത് പോസ്റ്റുചെയ്യുന്നു എന്നതിനെക്കുറിച്ച് മസ്ക് പറഞ്ഞു. അവർ രസകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടോ? അവർ മികച്ചവരാണോ, നിങ്ങൾക്ക് ജോലിക്ക് നിയമിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണോ എന്നതിന്റെ ഏറ്റവും വലിയ സൂചകമായിരിക്കാം ഇതെന്ന് അദ്ദേഹം പറഞ്ഞു.
അതുപോലെ പ്രണയ രംഗത്തും ഇത് ശരിയാണെന്നും താനും സുഹൃത്തുക്കളും മുമ്പ് പ്ലാറ്റ്ഫോമിൽ ഇത്തരത്തിൽ പൊരുത്തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ ഇടപെട്ട് എക്സ് ഡേറ്റിംഗ് പരിഗണിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇതിന്, അത് യഥാർത്ഥമാണെന്നും ചില കാര്യങ്ങൾ ഇതിനകം നടപടികളിലാണെന്നും മസ്ക് പ്രതികരിച്ചു. ഒരു പരിധിവരെ കാര്യങ്ങൾ മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഡേറ്റിംഗ് സാഹചര്യം മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞേക്കുമെന്ന് ഞാൻ കരുതുന്നു. രസകരമായ ആളുകളെ നിങ്ങൾ എങ്ങനെ കണ്ടെത്തും? കണ്ടെത്തുകയെന്ന് കഠിനമാണ് -മസ്ക്
കഴിഞ്ഞ വർഷം എല്ലാ പ്ലാറ്റ്ഫോമും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് യാക്കാരിനോ സംസാരിച്ചപ്പോൾ മറ്റ് പ്ലാറ്റ്ഫോമുകൾ എക്സിനെ പകർത്തിയതായി മീറ്റിംഗിൽ എലോൺ മസ്ക് പറഞ്ഞു.
ഒരു വർഷത്തിനിടെ നമ്മൾ എന്താണ് ചെയ്തതെന്ന് ചിന്തിക്കണം. വീഡിയോയിൽ നമ്മൾ വരുത്തിയ മുന്നേറ്റങ്ങൾ, കമ്യൂണിറ്റികളുടെ വളർച്ച, ക്രിയേറ്റർ പ്രോഗ്രാം, എക്സ് ഹയറിംഗ് എല്ലാം മുന്നേറ്റം കൈവരിച്ചു. മറ്റുള്ളവർ നമ്മെ പകർത്തുകയും ചെയ്യുന്നു. യക്കാരിനോയുടെ പരാമർശങ്ങളോട് ചേർത്തുകൊണ്ട് മസ്ക് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അതുവരെ ട്വിറ്റർ എന്നറിയപ്പെട്ട എക്സ് പ്ലാറ്റ്ഫോം മസ്ക് വാങ്ങിയത്. ഏറ്റെടുത്ത ഉടൻ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കഴിഞ്ഞ മെയ് മാസത്തിൽ ലിൻഡ യാക്കാരിനോയെ പ്ലാറ്റ്ഫോമിന്റെ സി.ഇ.ഒ ആയി നിയമിച്ചു.