ദുരുദ്ദേശത്തോടെ വരുന്ന സോഫ്റ്റ് വെയറുകൾ തടയാനും ഉപകരണങ്ങൾക്ക് അധിക സുരക്ഷ നൽകാനും സഹായകമാകുന്ന സാംസങിന്റെ സുരക്ഷാ ഫീച്ചറാണ് ഓട്ടോ ബ്ലോക്കർ. ആപ്പിൾ ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ലോക്ഡൗൺ മോഡിന് സമാനമാണിത്.
ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഐഫോണിലെ വിവരങ്ങൾ ചോർത്താൻ സർക്കാർ സ്പോൺസേർഡ് ഹാക്കർമാർ ശ്രമിച്ചിട്ടുണ്ടാകാമെന്ന ആപ്പിളിന്റെ സുരക്ഷാ മുന്നറിയിപ്പിനു പിന്നാലെ അധിക സുരക്ഷാ ഫീച്ചറുകൾ സാങ്കേതിക ലോകത്ത് വീണ്ടും ചർച്ചയായിട്ടുണ്ട്.
ഹാക്കർമാർക്ക് നല്ല ധനസഹായമുണ്ടെന്നും സാങ്കേതിക വിദ്യകൾ സങ്കീർണമാണെന്നുമാണ് ആപ്പിൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പിന്നീട് ഹാക്കർമാർക്ക് തന്നെ സഹായകമാകുമെന്നതിനാൽ മുന്നറിയിപ്പുകളുടെ പ്രത്യേക കാരണങ്ങളെക്കുറിച്ചോ അത് എങ്ങനെ കണ്ടെത്തിയെന്നതിനെ കുറിച്ചോ ഉള്ള വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ചിലപ്പോൾ തെറ്റായ മുന്നറിയിപ്പുകളാകാമെന്നും ആപ്പിൾ വിശദീകരിക്കുന്നു.
ആപ്പിളിലെ ലോക്ഡൗൺമോഡ് പോലെ ആൻഡ്രോയിഡിൽ ഓട്ടോ ബ്ലോക്കറും എനേബിൾ ചെയ്യേണ്ടതുണ്ട്. ഉപകരണങ്ങൾക്ക് അധിക സുരക്ഷ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഇത് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. വോയിസ് ഫിഷിഷ് പോലെയുള്ള ഏറ്റവും പുതിയ സോഷ്യൻ എഞ്ചിനിയറിംഗ് ആക്രമണത്തിനു പോലും തടയിടാൻ ഇത് സജ്ജമാണെന്നും കമ്പനി പറയുന്നു.
ആപ് സെക്യുരിറ്റി ചെക്ക് തുടങ്ങി പല ഉപവിഭാഗങ്ങളും ഓട്ടോ ബ്ലോക്കറിനുണ്ട്. മെസേജ് ഗാർഡ്, സീറോ ക്ലിക്ക് ആക്രമണത്തിനുള്ള പ്രതിരോധം തുടങ്ങിയവയും ലഭിക്കുന്നു. ഓട്ടോ ബ്ലോക്കർ സാംസങിന്റെ വൺ യു.ഐ 6ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലേക്കാണ് എത്തുന്നത്.
സന്ദേശങ്ങൾ, ചില ചിത്രങ്ങൾ, വിഡിയോ, ഓഡിയോ എന്നിവ ഒഴികെയുള്ള മിക്ക സന്ദേശ അറ്റാച്ച്മെന്റും ബ്ലോക്ക് ചെയ്യപ്പെടും. ലിങ്കുകളും ലിങ്ക് പ്രിവ്യൂകളും പോലുള്ള ചില സവിശേഷതകൾ ലഭ്യമല്ല. ഫേസ്ടൈമിൽ നിങ്ങൾ മുമ്പ് ആ വ്യക്തിയെയോ കോൺടാക്റ്റിനെയോ വിളിച്ചിട്ടില്ലെങ്കിൽ ഇൻകമിംഗ് ഫേസ്ടൈം കോളുകൾ ബ്ലോക്ക് ചെയ്യപ്പെടും. ഷെയർപ്ലേ, ലൈവ് ഫോട്ടോകൾ തുടങ്ങിയ ഫീച്ചറുകളും ലഭ്യമല്ല.
നിങ്ങൾ ഫോട്ടോകൾ പങ്കിടുമ്പോൾ, ലൊക്കേഷൻ വിവരങ്ങൾ ഒഴിവാക്കപ്പെടും. പങ്കിട്ട ആൽബങ്ങൾ ഫോട്ടോസ് ആപ്പിൽ നിന്ന് നീക്കം ചെയ്യും. അതേസമയം, ലോക്ഡൗൺ മോഡ് പ്രവർത്തനക്ഷമമാക്കിയിട്ടില്ലാത്ത മറ്റ് ഉപകരണങ്ങളിൽ തുടർന്നും പങ്കിട്ട ആൽബങ്ങൾ കാണാൻ കഴിയും.
ഉപകരണം സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്വർക്കുകളിൽ സ്വയമേവ ചേരില്ല. ലോക്ഡൗൺ മോഡ് ഓണാക്കുമ്പോൾ സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്വർക്കിൽ നിന്ന് വിച്ഛേദിക്കും.
ലോക്ഡൗൺ മോഡ് പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ ഫോൺ കോളുകളും പ്ലെയിൻ ടെക്സ്റ്റ് സന്ദേശങ്ങളും തുടർന്നും പ്രവർത്തിക്കും. എസ്.ഒ.എസ്, എമർജൻസി കോളുകൾ പോലെയുള്ള എമർജൻസി ഫീച്ചറുകളെ ബാധിക്കില്ല.