എല്ലാം തീരുമാനിച്ചുറപ്പിച്ച മാര്‍ട്ടിന്‍, ഒട്ടും കൂസലില്ല, എന്‍.ഐ.എ വരും

കൊച്ചി- കളമശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനക്കേസില്‍ വിശദാന്വേഷണത്തിന് പോലീസ്. ഡൊമിനിക് മാര്‍ട്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍, ഇയാള്‍ അടുത്ത് ഇടപഴകിയ വ്യക്തികള്‍, സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിച്ചാണ് പോലീസിന്റെ പരിശോധന. മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ പൂര്‍ത്തിയാകുകയാണ് പൊലീസിന്റെ ലക്ഷ്യം. സാക്ഷികളെ ജയിലില്‍ എത്തിച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഡൊമിനിക് മാര്‍ട്ടിന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബോംബ് നിര്‍മിച്ചതും, കണ്‍വെന്‍ഷന്‍ ഹാളില്‍ സ്ഥാപിച്ചതും, റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതുമെല്ലാം ഡൊമിനിക് മാര്‍ട്ടിന്‍ ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്‌ഫോടനമല്ലെങ്കില്‍ പോലും മറ്റേതെങ്കിലും വിധത്തിലുള്ള ആക്രമം ഇയാള്‍ നടത്തുമായിരുന്നെന്നാണ് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് ഐ ഇ ഡി ബോംബ് ഉപയോഗിച്ചതെന്ന് ഉറപ്പിക്കുമ്പോഴും ഇയാള്‍ക്ക് പ്രേരണ ലഭിച്ചിരിക്കാനുള്ള സാധ്യത അന്വേഷിക്കുകയാണ് പോലീസ്. കൃത്യം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്ന് ഇയാള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. സ്‌ഫോടന ദൃശ്യങ്ങളടക്കം പ്രതി മൊബൈലില്‍ ചിത്രീകരിച്ചതും തെളിവുകള്‍ ഒന്നും നശിപ്പിക്കാതെ എല്ലാം പോലീസിന് മുന്നില്‍ ഹാജരാക്കി സ്വന്തം ശിക്ഷ ഉറപ്പാക്കിയതും പോലീസ് ചരിത്രത്തിലെ അപൂര്‍വതയായി വിലയിരുത്തപ്പെടുന്നു. കുറ്റബോധത്തിന്റെ ലാഞ്ഛന പോലും പ്രതിയില്‍ കാണാനില്ല. യഹോവസാക്ഷികളെ ഒരു പാഠം പഠിപ്പിച്ചതിന്റെ ചാരിതാര്‍ഥ്യമാണ് ഇയാളുടെ വാക്കുകളിലുള്ളത്. തനിക്ക് 58 വയസ്സായെന്നും ഇനി എന്തു സംഭവിച്ചാലും ഒന്നുമില്ലെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇയാളുടെ മൊഴികളിലെല്ലാം അന്വേഷണസംഘം വ്യക്തത വരുത്തും. പ്രതിയുടെ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. അന്വേഷണം വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ കളമശ്ശേരി എആര്‍ ക്യാമ്പില്‍ യോഗം ചേര്‍ന്നു.

അതേസമയം കേസില്‍ പ്രാഥമികാന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന എന്‍ ഐ എ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴിയെടുക്കും. ഡൊമിനിക് ഉപയോഗിച്ച മോബൈല്‍ ഫോണുകളും, ഇ-മെയില്‍ വിവരങ്ങളും വിശദമായി പരിശോധിക്കും. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ എന്‍ ഐ എ ഉദ്യോഗസ്ഥരും വിശദമായി വീണ്ടും ചോദ്യം ചെയ്യും.  യുഎപിഎ ചുമത്തിയ കേസായതിനാല്‍ അന്വേഷണം ഉടന്‍ എന്‍ഐഎ ഏറ്റെടുക്കും. ഇതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. എന്‍ഐഎ ഏറ്റെടുക്കും മുന്‍പ് അന്വേഷണത്തിന്റെ ഭാഗമായ നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ ശ്രമം.

 

 

Latest News