കൊച്ചി- സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏതാനും ദിവസങ്ങളായി ഓടുന്ന കാറിനൊപ്പം കനേഡിയന്‍ പോപ് ഗായകന്‍ ഒബ്രെ ഡ്രെയ്ക് ഗ്രഹാമിന്റെ 'കി കി ഡു യു ലൗമി' എന്ന ജനപ്രിയ പാട്ടിനൊത്ത് ചുവട് വയ്ക്കുന്ന വിഡിയോകള്‍ക്കു പിറകെയാണ്. കി കി ചലഞ്ച് എന്ന പേരില്‍ ഇതു വൈറലാണ്. ഇതു പ്രത്യക്ഷമായ ട്രാഫിക് നിയമ ലംഘനമാണെന്നും മറ്റുളളവരെ നിയമം ലംഘിക്കിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കളിയാണെന്ന് അധികാരികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും അത്ര ഏറ്റിട്ടില്ല. കി കി ചലഞ്ച് ഏറ്റെടുക്കുന്നവര്‍ക്ക് വേറിട്ടൊരു മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണിപ്പോള്‍ കേരള പോലീസ്. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ഒരു കിടിലന്‍ കി കി ചലഞ്ച് ട്രോള്‍ വിഡിയോ. കി കി ചലഞ്ച് കളിച്ച് ഒരുത്തന്‍ അവസാനം പോലീസ് കാറിനുള്ളിലേക്ക് വീഴുന്നതും അവനെ പോലീസ് പൊക്കിയെടുത്ത് കൊണ്ടു പോകുന്നതുമാണ് ഈ ട്രോള്‍ വിഡിയോ.
സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറിയ കേരള പോലീസിലെ അഞ്ചംഗ സോഷ്യല്‍ മീഡിയാ ടീമാണ് ഈ ട്രോള്‍ വിഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും രണ്ടു ലക്ഷം പേരാണ് ഇതു കണ്ടത്. അയ്യായിരത്തിനു മുകളില്‍ ഷെയറുകളും. കേരളാ പോലീസിന്റെ കിടിലന്‍ കി കി ചാലഞ്ച് വീഡിയോ കത്തിപ്പടരുകയാണ്.
വീഡിയോക്കൊപ്പം കി കി ചലഞ്ചുകള്‍ ഏറ്റെടുക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പും ഉണ്ട്. 'പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്,' പോസ്റ്റില്‍ വ്യക്തമാക്കുന്നു.