നുണകള്‍ പൊളിച്ചടുക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്കു മുമ്പിലെത്തുമെന്ന് മഹുവ മൊയ്ത്ര

കൊല്‍ക്കൊത്ത- ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്കു മുമ്പില്‍ നവംബര്‍ രണ്ടിന് ഹാജരായി എല്ലാ നുണകളും പൊളിച്ചടുക്കുമെന്ന് തൃണമൂല്‍ എം. പി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് മഹുവ എത്തിക്‌സ് കമ്മിറ്റിക്കു മുമ്പിലെത്തുന്നത്. 

തന്നെ നിശബ്ദയാക്കാന്‍ തയ്യാറാക്കിയതാണ് നുണകളെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണങ്ങളെ കീറി മുറിച്ച് പരിശോധിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടെന്നും പരാതി തികച്ചും വസ്തുതാ വിരുദ്ധമാണെന്നും മഹുവ മൊയ്ത്ര വിശദമാക്കി. 

നേരത്തെ നവംബര്‍ അഞ്ചിന് ശേഷം മാത്രമേ തനിക്ക് എത്തിക്‌സ് കമ്മിറ്റിക്കു മുമ്പില്‍ ഹാജരാകാന്‍ സാധിക്കുകയുള്ളുവെന്ന് മഹുവ നോട്ടീസിന് മറുപടി നല്‍കിയിരുന്നു. എന്നാല്‍ എത്തിക്‌സ് കമ്മിറ്റി ഇക്കാര്യം പരിഗണിച്ചില്ല. 

ബി. ജെ. പി എം. പി നിഷികാന്ത് ദുബേ, അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈ എന്നിവര്‍ കമ്മിറ്റിക്കു മുന്‍പാകെ ഹാജരായി മഹുവയ്‌ക്കെതിരെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Latest News