Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു

കൊച്ചി - കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്. സൈബർ പോലീസ് റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
 ഐ.പി.സി 153 കലാപത്തിനുവേണ്ടി പ്രകോപനമുണ്ടാക്കൽ, 153 (എ)  മതസ്പർധ വളർത്തൽ, കേരള പോലീസ് ആക്ട് 120 (ഒ) ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തത്. രാജീവ് ചന്ദ്രശേഖർ സമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്.
 കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിനെതിരെ വ്യാപക വിമർശമുയർന്നിരുന്നു. കളമശ്ശേരി സ്‌ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രീണന നയമാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ കുറ്റപ്പെടുത്തൽ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി സ്‌ഫോടനത്തിൽ ഹമാസിന്റെയടക്കം പങ്ക് ആരോപിച്ചിരുന്നു. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദുസമീപനം പുലർത്തുകയാണെന്നും കോൺഗ്രസ് അതിനു കൂട്ടുനിൽക്കുകയാണെന്നുമെല്ലാം രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തുകയുണ്ടായി.
  ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും കേരളം അതിനൊപ്പം നിൽക്കില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വിഷമല്ല, കൊടും വിഷമാണെന്നും വ്യക്തമാക്കിയിരുന്നു.

Latest News