മഹാരാഷ്ട്ര: അയോഗ്യത ഹരജികളില്‍ ഡിസംബര്‍ 31നകം തീരുമാനമെടുക്കണം- സുപ്രീം കോടതി

ന്യൂദല്‍ഹി - മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള എം.എല്‍.എക്കെതിരായ അയോഗ്യത ഹരജികളില്‍ ഡിസംബര്‍ 31നകം തീരുമാനമെടുക്കാന്‍ മഹാരാഷ്ട്ര സ്പീക്കറോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. 2024 ഫെബ്രുവരി 29നകം അയോഗ്യതാ ഹരജികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ നിര്‍ദ്ദേശം സുപ്രീംകോടതി നിരസിച്ചു.

അജിത് പവാര്‍ ഗ്രൂപ്പിലെ 9 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന എന്‍.സി.പി ഹരജി 2024 ജനുവരി 31നകം തീര്‍പ്പാക്കണമെന്നും സുപ്രീംകോടതി സ്പീക്കറോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹരജികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സമയ പരിധി നല്‍കാനുള്ള അവസാന അവസരം ഒക്ടോബര്‍ 17ന് സുപ്രീം കോടതി രാഹുല്‍ നര്‍വേക്കറിന് നല്‍കിയിരുന്നു. സ്പീക്കര്‍ ഈ ഹരജികള്‍ പരിഗണിക്കുന്നതില്‍ വരുത്തുന്ന കാലതാമസത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആശങ്ക പ്രകടിപ്പിച്ചു.

സ്പീക്കര്‍ക്ക് ഇത് പരിഗണിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ അവ കേള്‍ക്കേണ്ട ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് ചന്ദ്രചൂഢ് പറഞ്ഞു. പാര്‍ട്ടികള്‍ തമ്മിലുള്ള നടപടിക്രമ തര്‍ക്കങ്ങള്‍ അനാവശ്യ കാലതാമസത്തിന് കാരണമാകരുതെന്ന് കോടതി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ തെളിവ് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

തെളിവുകളുടെ ശേഖരണം ടെന്‍ഡര്‍ ചെയ്യാന്‍ ഇരുകക്ഷികളും സമ്മതിച്ചു. അതേസമയം മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി എന്‍.സി.പി കേസ് ശിവസേനയില്‍നിന്ന് വേര്‍പെടുത്തി പരിഗണിക്കണം എന്ന് നിര്‍ദ്ദേശിച്ചു. അത് ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയും ജനുവരി ആദ്യവാരം വാദം കേള്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു.

 

Latest News